മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിന് മറുപടി:മോദിക്ക് മറ്റുള്ളവരുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും ഗൂഗിളിൽ തിരയാനും മാത്രമേ അറിയൂ:രാഹുൽ ഗാന്ധി

single-img
11 February 2017

ലക്നോ: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. മോദി ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുൽ പരിഹസിച്ചു. മോദിക്ക് മറ്റുള്ളവരുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും ഗൂഗിളിൽ തിരയാനും മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ അദ്ദേഹം എപ്പോഴാണ് ഭരണം നടത്തുന്നതെന്നും രാഹുൽ ചോദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമൊത്ത് യു.പിയുടെ വികസനത്തിനായുള്ള പൊതുമിനിമം പരിപാടി പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷങ്ങളിലെ മോദിയുടെ ഭരണം പരാജയമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. വികസനത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് സമയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ മോദി തയ്യാറാവുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി പറയവേയാണ് മോദി മൻമോഹൻസിംഗിനെ കടന്നാക്രമിച്ചത്.കുളിമുറിയിൽ മഴക്കോട്ടിട്ട് കുളിക്കുന്നയാളാണ് മൻമോഹനെന്നായിരുന്നു മോദിയുടെ പരിഹാസം. മൻമോഹന്‍റെ സാമ്പത്തിക പരിഷ്കാര നടപടികളെ അപ്പാടെ തള്ളിയ മോദി ഏറ്റവും കൂടുതൽ അഴിമതികൾ നടന്നത് യുപിഎ സർക്കാരിന്‍റെ കാലത്തായിരുന്നുവെന്നും വിമർശിച്ചിരുന്നു. അതിനു ശേഷം മറ്റൊരു പൊതുപരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിയേയും മോദി വിമർശിച്ചിരുന്നു. ഗൂഗിളിൽ രാഹുൽ ഗാന്ധി എന്ന് തിരഞ്ഞാൽ ഏറ്റവും വലിയ തമാശകൾ കാണാനാകുമെന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇതിനെല്ലാമെതിരെയാണ് രാഹുൽ പ്രതികരിച്ചത്.