രണ്ട് എംപിമാര്‍ കൂടി പനീര്‍സെല്‍വത്തിനൊപ്പം; പ്രവര്‍ത്തകരോട് മറീന ബീച്ചിലെത്താന്‍ നിര്‍ദേശം

single-img
11 February 2017

ചെന്നൈ: രണ്ട് അണ്ണാഡിഎംകെ എംപിമാര്‍ എഐഡിഎംകെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാമക്കല്‍ എംപി പി.ആര്‍.സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് ഒപിഎസ് പക്ഷത്തേക്ക് എത്തിയിരിക്കുന്നത്.

നേരത്തേ രാജ്യസഭ എംപി മൈത്രേയന്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയിരുന്നത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി സൂചനകളുണ്ട്.

അതേസമയം എഐഎഡിഎംകെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പനീര്‍സെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും. ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് യോഗം. ജനങ്ങളെ തനിക്കൊപ്പം നിര്‍ത്താനൊരുങ്ങിയാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കം.

അതിനിടെ ശശികല എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിസോര്‍ട്ടുകളില്‍ റെയ്ഡ് നടത്തി. കാഞ്ചിപുരം കൂവത്തൂരിലെ റിസോര്‍ട്ടിലാണ് റവന്യൂവകുപ്പും പൊലീസും ചേര്‍ന്നുളള പരിശോധന നടത്തിയത്. റിസോര്‍ട്ടിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറുണ്ടായി. പാർട്ടി പ്രവർത്തകരുടെ ശക്തമായ കാവലിലാണു റിസോർട്ടും സമീപ പ്രദേശങ്ങളും. ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കുന്നുമില്ല.

ശശികല പക്ഷത്തെ എംഎൽഎമാർ തടങ്കലിലാണെന്ന ആരോപണത്തെക്കുറിച്ചു മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. ‘ഇതു സത്യമാണെങ്കിൽ ഏറെ ഗൗരവമുള്ളതാണ്. എംഎൽഎമാർ എവിടെയാണെന്നതു സംബന്ധിച്ചു സത്യവാങ്മൂലം സമർപ്പിക്കണം’– കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അടക്കമുള്ളവർ റിസോർട്ടിൽ പരിശോധനയ്ക്കെത്തുമെന്നാണു കരുതുന്നത്.