കണ്ണൂരിന്റെ കണ്ണീര് മാറ്റി സമാധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി ഇടപെടുന്നു

single-img
10 February 2017

 


തലശേരി: കണ്ണൂര്‍ ജില്ലയില്‍ സമാധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഇതിന്റെ ഭാഗമായി സിപിഎം-ബിജെപി നേതാക്കള്‍ തമ്മില്‍ ചര്‍ച്ച തിരുവനന്തപുരത്ത് നടന്നു. തുടര്‍ച്ചയായി കണ്ണൂരിലും ഉഭയകക്ഷി ചര്‍ച്ച നടന്നുകഴിഞ്ഞു. രഹസ്യമായിട്ടായിരുന്നു ചര്‍ച്ചകള്‍.

കണ്ണൂരില്‍ ചര്‍ച്ച നടന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ്.ഇതിന് പിന്നാലെ ബിജെപി-സിപിഎം നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചയും സമാധാന യോഗവും 14ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് അറിയുന്നു. സംസ്ഥാനതലം മുതല്‍ താഴേത്തട്ട് വരെ സമാധാനം നിലനിര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ തന്നെ നടപ്പിലാക്കാനാണ് ഇരുപക്ഷത്തേയും നേതാക്കള്‍ ആലോചിക്കുന്നത്.13 ന് വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നും തുടര്‍ന്നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചര്‍ച്ച നടക്കുകയെന്നും ഇരുപക്ഷത്തേയും പ്രമുഖ നേതാക്കള്‍ രാഷ്ട്രദിപികയോട് പറഞ്ഞു. ഇത് ശാശ്വത സമാധാനത്തിനായിട്ടുളള ആത്മാര്‍ഥമായിട്ടുള്ള ശ്രമമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

സിപിഎം-ബിജെപി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം തന്നയാണ് സര്‍ക്കാരും ലക്ഷ്യമിടുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം വേണമെങ്കില്‍ സര്‍വക്ഷി യോഗം വിളിക്കാമെന്നാണ് ധാരണയെന്നും അറിയുന്നു. കണ്ണൂരില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎമ്മില്‍ നിന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷണന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍ എന്നിവരും ബിജെപി-ആര്‍എസ്എസ് നേതാക്കളായ കെ.രഞ്ജിത്ത്, പ്രമോദ്, വല്‍സന്‍ തില്ലങ്കേരി, കെ.കെ. ബലറാം, ഗോപാലന്‍കുട്ടി, വി.ശശിധരന്‍ എന്നിവരുമാണ് പങ്കെടുത്തത്.