ചുവന്ന മുണ്ടുടുത്ത ദളിത് യുവാക്കളെ മുണ്ടുരിഞ്ഞ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പിക്കാര്‍ അറസ്റ്റില്‍

single-img
10 February 2017

 

 

 

 

 

തലശ്ശേരി: ചുവപ്പ് മുണ്ടുടുത്തതിന്റെ വിരോധത്തില്‍ ദളിത് യുവാക്കളെ നടുറോഡില്‍ ഉടുമുണ്ടുരിഞ്ഞ് നഗ്‌നരാക്കി മര്‍ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടെമ്പിള്‍ ഗേറ്റിലെ അണിയേരി ശ്രീജേഷ്, നങ്ങാറത്ത് പീടികയിലെ ടി.കെ വികാസ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 18 ന് ബി.ജെ.പിയുടെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു സംഭവം.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെയാണ് ഉടുമുണ്ട് പറിച്ചെറിഞ്ഞ് മര്‍ദിച്ചത്. പ്രിന്‍സ് മാഹിയിലെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടുകാരന്‍ വിപിനേഷിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. കുട്ടിമാക്കൂല്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഒരു സംഘം റോഡിലേക്ക് കുതിച്ചെത്തി ബൈക്ക് തടഞ്ഞ് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമി സംഘം ആദ്യം ഇവരുടെ ഉടുമുണ്ട് പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിഞ്ഞു.

പട്ടികജാതി ക്ഷേമസമിതി തലശേരി ഏരിയാ സെക്രട്ടറിയും മുനിസിപ്പല്‍ തൊഴിലാളി യൂണിയന്‍ നേതാവുമായ ശശീന്ദ്രന്റെ മകനാണ് പ്രിന്‍സ്. ഓട്ടോഡ്രൈവര്‍ വിനോദന്റെ മകനാണ് അടിയേറ്റ വിപിനേഷ്. പരിക്കേറ്റ രണ്ടു പേരും തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.