അമ്മ മലയാളത്തെ പുറത്താക്കുന്ന സംസ്‌കാരം; ക്ലാസില്‍ മലയാളം സംസാരിച്ച അഞ്ചാംക്ലാസുകാരന്റെ പുറത്ത് അധ്യാപിക സ്റ്റിക്കര്‍ പതിച്ചു

single-img
10 February 2017

ഇടുക്കി;സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്റെപേരില്‍ അഞ്ചാംക്ലാസുകാരന്റെ പുറത്ത് അധ്യാപിക സ്റ്റിക്കര്‍ പതിച്ചു. കാളിയാര്‍ ജയ്റാണി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞദിവസം നടന്ന സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നു നിബന്ധനയുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം അഞ്ചാംക്ലാസ് വിദ്യാര്‍ഥി മലയാളം സംസാരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപിക ‘ഞാന്‍ മലയാളം സംസാരിച്ചു’ എന്നതരത്തില്‍ എഴുതിയ സ്റ്റിക്കര്‍ കുട്ടിയുടെ വസ്ത്രത്തിനു പുറമെ പിന്‍ചെയ്തു പിടിപ്പിക്കുകയായിരുന്നു.

ഇത്തരം ശിക്ഷാനടപടി ഇവിടെ സാധാരണമാണെന്ന് പറയപ്പെടുന്നു. ക്ലാസ് സമയത്ത് പതിക്കുന്ന ഇത്തരം സ്റ്റിക്കറ്റുകള്‍ വൈകീട്ട് സ്‌കൂളധികൃതര്‍തന്നെ അഴിച്ചുമാറ്റുകയാണു പതിവ്. എന്നാല്‍, ഈ കുട്ടിയുടെ പുറമേ പതിപ്പിച്ച സ്റ്റിക്കര്‍ അഴിച്ചുമാറ്റാന്‍ അധ്യാപിക മറന്നുപോയി. ഇതുമായാണ് വൈകീട്ട് കുട്ടി വീട്ടിലെത്തിയത്. ഇതുകണ്ടു കാര്യം തിരക്കിയ വീട്ടുകാരോട് കുട്ടി സംഭവം പറഞ്ഞു.

ഇതോടെ രക്ഷാകര്‍ത്താക്കള്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രശ്നം വിവാദമായതോടെ സ്‌കൂളധികൃതര്‍ മാപ്പുപറയാന്‍ തയ്യാറായി. ഇതോടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചു. എങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്റ്റിക്കര്‍ പതിച്ച അധ്യാപികയില്‍നിന്നു വിശദീകരണം വാങ്ങിയതായി സ്‌കൂളധികൃതര്‍ പറഞ്ഞു.ചില ക്ലാസ് പീരിയഡുകളില്‍ നടക്കുന്ന ഫണ്ണി ഗെയിം ആണിതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.പരാതി ലഭിച്ചിട്ടുണ്ട് അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നും
പിസി വിഷ്ണുനാഥ് എസ് ഐ ഇവാര്‍ത്തയോട് പറഞ്ഞു