പനീർശെൽവം രണ്ടും കൽപ്പിച്ച് തന്നെ;പോയസ് ഗാർഡൻ ജയ സ്മാരകമാക്കാൻ ഉത്തരവ്

single-img
9 February 2017

പോയസ് ഗാർഡൻ ജയ സ്മാരകമാക്കി മാറ്റാൻ കാവൽ മുഖ്യമന്ത്രി ഒ. പനീർ ശെൽവം ഉത്തരവിട്ടു. ജയലളിതയുടെ വസതിയായ പോയസ്ഗാർഡനിൽ അവരുടെ മരണശേഷം ശശികലയും കുടുംബവുമാണ് താമസിക്കുന്നത്. പോയസ് ഗാർഡൻ സംബന്ധിച്ച് ഉത്തരവിനു മുൻപ്, നേരത്തെ ജയലളിത പുറത്താക്കിയ തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ജ്ഞാനാദി കേശന്‍റെയും ഐഎഎസ് ഉദ്യോഗസ്ഥനായ അതുൽ ആനന്ദിന്‍റെയും സസ്പെൻഷനും പനീർ ശെൽവം പിൻവലിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരെയും സസ്പെൻഡ് ചെയ്തത്.

അതിനിടെ മുംബൈയിലുള്ള ഗവർണർ വിദ്യാസാഗർ റാവു ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ചെന്നൈയിലെത്തും. പനീർശെൽവവും ശശികലയും ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരങ്ങൾ. തനിക്ക് പിന്തുണയറിയിച്ച് എംഎൽഎമാരെ ശശികല കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

അതിനിടെ പനീര്‍സെല്‍വം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. കുറച്ചു നാളുകള്‍ കൂടെ അദ്ദേഹത്തിന് നല്‍കണം. തന്റെ ജോലി നല്ല രീതിയില്‍ ചെയ്യുകയായിരുന്നു പനീര്‍സെല്‍വം. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയാണ് പുറത്താക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.