വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്ക് ജീവനക്കാരുടെ പുത്തന്‍ സമരം; ഇടപാടുകാരുടെ വീടിനു മുന്നില്‍ ധര്‍ണയിരുന്ന് കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍

single-img
9 February 2017

കൊച്ചി: വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് നേരെ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം. ഇടപാടുകാരുടെ വീടിനു മുന്നില്‍ സമരവുമായി കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരാണ് ധര്‍ണ്ണ നടത്തിയത്. ഇടപാടുകാരെ നാണം കെടുത്തി വായ്പ തിരിച്ചു പിടിക്കാനുള്ള നീക്കമാണ് ബാങ്കിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

ഇടപ്പള്ളി പോണേക്കരയിലുള്ള ഇടപാടുകാരന്റെ വീടിനു മുന്നിലാണ് ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തിയത്. 50 ലക്ഷത്തിനു മുകളില്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെയാണ് ബാങ്കിന്റെ പ്രതിഷേധം അലയടിക്കുന്നത്. കിട്ടാക്കടം 470 കോടി കവിഞ്ഞതോടെയാണ് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിയതെന്ന് ബാങ്ക് ജീവനക്കാര്‍ വ്യക്തമാക്കി.കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്ത് വായ്പ തിരിച്ചടയ്ക്കാത്ത 35 പേരെ കണ്ടെത്തിയെന്നും ബാങ്ക് വ്യക്തമാക്കി.തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടും അതിനു തയാറാകത്തവര്‍ക്കെതിരെയാണ് പ്രതിഷേധം.

വ്യാഴാഴ്ച രാവിലെ ഒന്‍പതര മുതല്‍ പത്തര വരെയാണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.ബാങ്കിന്റെ പ്രവര്‍ത്തനത്തിനുള്ള ജീവനക്കാരെ ഓഫിസില്‍ നിലനിര്‍ത്തിയതിനു ശേഷമാണ് ബാക്കിയുള്ള ജീവനക്കാര്‍ പ്ലക്കാര്‍ഡുമേന്തി പ്രതിഷേധത്തിനിറങ്ങുന്നത്. കിട്ടാക്കടം വര്‍ധിച്ചതുമൂലം രണ്ടു വര്‍ഷമായി ബാങ്ക് നഷ്ടത്തിലാണെന്നും ഇത് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമെന്ന സാഹചര്യം ആയതോടെയാണ് പ്രതിഷേധവുമായി ഇറങ്ങിയതെന്ന് ഇവര്‍ പറയുന്നു.