ജയലളിതയുടെ തോഴി എന്നത് മുഖ്യമന്ത്രി ആകാനുള്ള യോഗ്യതയല്ല; പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കമല്‍ഹാസന്‍

single-img
9 February 2017

 

 

ചെന്നൈ: ജയലളിതയുടെ സഹായിയാണ് എന്നത് ഭരിക്കാനോ മുഖ്യമന്ത്രിയാകാനോ ഉള്ള യോഗ്യത അല്ലെന്ന് തമിഴ്നടന്‍ കമല്‍ഹാസന്‍. ഒ പനീര്‍ശെല്‍വത്തിന് പരസ്യമായ പിന്തുണയുമായി കമലഹാസന്‍ രംഗത്തെത്തിയിരിക്കുകയാണ്.തമിഴ്ജനത ആടുകളല്ലെന്നും തമിഴ്ജനതയ്ക്ക് ആവശ്യം ആട്ടിടയന്മാരെ അല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. യുവ ഇന്ത്യ ഗാന്ധിജിയെ ബാപ്പുജിയെന്നും നെഹ്രുവിനെ ചാച്ചാജിയെന്നും വിളിച്ചിരുന്നു. എന്നാല്‍ അതുപോലെയല്ല ജയലളതിയെ അമ്മയെന്നും ശശികലയെ ചിന്നമ്മയെന്നും വിളിച്ചതെന്നും കമല്‍ പറഞ്ഞു.

പനീര്‍ശെല്‍വം കഴിവില്ലാത്തവനല്ല. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അദ്ദേഹം നല്ല രീതിയില്‍ തന്റെ ജോലി ചെയ്തു വരികയാണ്. അദ്ദേഹത്തിന് കുറച്ചു നാളുകള്‍ കൂടി നല്‍കണം. ജനങ്ങള്‍ക്ക് പനീര്‍ശെല്‍വത്തെ ഇഷ്ടമല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കൂടിയാണ് അദ്ദേഹത്തെ പുറത്താക്കേണ്ടതെന്നും പറഞ്ഞു. തമിഴ്നാടിന്റെ ഇപ്പോഴത്തെ അവസ്ഥ ദു:ഖകരമായ ക്ളൈമാക്സ് പോലെ ആണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് തമിഴ്നാട്ടിലെത്തും.