ലക്ഷ്മി നായരെ മാറ്റിയെന്ന പുതിയ കരാര്‍ ഒപ്പിട്ടു നല്‍കി;29 ദിവസം സമരത്തിന് വിജയം;ലോ അക്കാദമി വിദ്യാര്‍ഥി സമരം അവസാനിച്ചു.

single-img
8 February 2017


തിരുവനന്തപുരം: ലോ അക്കാദമി വഷയത്തില്‍ 29 ദിവസം നീണ്ടുനിന്ന സമരത്തിന് ഒടുവില്‍ അന്ത്യമായി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്.ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി, പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കാമെന്ന കരാറാണ് ഇന്ന് മാനെജ്‌മെന്റ് വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നല്‍കിയത്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. കാലാവധിയില്ലാതെയാണ് പുതിയ പ്രിന്‍സിപ്പലിന്‍റെ നിയമനമെന്നും കരാറില്‍ പറയുന്നു.

വിദ്യാർഥികൾ സമരം പിൻവലിച്ചതിനെ തുടർന്ന് കെ. മുരളീധരൻ എംഎൽഎയും ബിജെപി നേതാവ് വി.വി.രാജേഷും നിരാഹാര സമരം പിൻവലിച്ചു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 29–ാം ദിവസത്തിലേക്കു കടന്നതോടെയാണ് വിദ്യാർഥികളുമായി ചർച്ചയ്ക്ക് സർക്കാർ തയാറായത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വിദ്യാർഥികൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

ഡോ. നാരായണന്‍ നായരടക്കമുള്ള ലോ അക്കാദമി പ്രതിനിധികളും സിപിഐ നേതാക്കളായ വി.എസ് സുനില്‍ കുമാറും പന്ന്യന്‍ രവീന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു. എഐഎസ്എഫ്, കെ.എസ്.യു, എംഎസ്എഫ്, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളും എസ്എഫ്‌ഐ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞതിന്റെ രേഖ കാണിക്കണം, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പ് ലഭിക്കണം, കോളെജിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ നടപടിയുമായി മുന്നോട്ടു പോകണമെന്നും വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.ലക്ഷ്മി നായരെ എന്തുകൊണ്ട് മാറ്റുന്നു എന്ന കാര്യം യോഗത്തിന്റെ മിനിട്‌സില്‍ ഉള്‍പ്പെടുത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്.