ലോ അക്കാദമി സമരം തീർക്കാൻ സർക്കാർ നീക്കം; വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചര്‍ച്ച നടത്തുംകോളേജിന് പുതിയ പ്രിന്‍സിപ്പലിനെ കണ്ടെത്താന്‍ പരസ്യം

single-img
8 February 2017

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. ഇന്നു നടന്ന മന്ത്രിസഭായോഗത്തിലാണ് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനമായത്. ലോ അക്കാദമിയിലെ സമരം അവസാനിപ്പിക്കണമെന്ന കാര്യം ക്യാബിനറ്റ് മീറ്റിങ്ങില്‍ സിപിഐ മന്ത്രിമാരാണ് അവതരിപ്പിച്ചത്. സിപിഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അനുനയ നീക്കം. മന്ത്രി വി.എസ്. സുനില്‍കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
ലോ അക്കാഡമി സമരത്തിനു ശുഭപര്യവസാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.പ്രിൻസിപ്പലിനെ മാനദണ്ഡങ്ങൾ പാലിച്ച് നിയമിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ലക്ഷ്മി നായർ പ്രിൻസിപ്പലാകില്ല എന്ന ഉറപ്പ് കൂടിയേ തീരുവെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട വിദ്യാർഥികൾ പ്രിൻസിപ്പലിനായി പത്രപരസ്യം ചെയ്തത് സ്വാഗതാർഹമാണെന്നും വ്യക്തമാക്കിയതായാണ് വിവരം.
അതേസമയം, ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 29–ാം ദിവസത്തിലേക്കു കടന്നു. ഗവർണറും വിഷയത്തിൽ ഇടപെടുന്നുണ്ട്. ലോ അക്കാദമി സമരം സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും അതിനായി ഗവർണർ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തെ കണ്ടു നിവേദനം നൽകിയിരുന്നു. ഈ നിവേദനമാണു നടപടിക്കായി ഗവർണർ മുഖ്യമന്ത്രിക്കു കൈമാറിയത്. കേരള സർവകലാശാലാ വൈസ് ചാൻസലർക്കും ഗവർണർ പരാതി കൈമാറി.

അതിനിടെ : ലോ അക്കാദമി കോളേജിന് പുതിയ പ്രിന്‍സിപ്പലിനെ കണ്ടെത്താന്‍ പരസ്യം മാദ്ധ്യമങ്ങൾക്ക് നൽകി.ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരുടെ പേരിലുള്ള പരസ്യം തിരുവനന്തപുരത്തുനിന്നുള്ള പത്രത്തിന്റെ പ്രാദേശിക പേജിലാണ് പ്രത്യക്ഷപ്പെട്ടത്.