ജയലളിതയുടെ മരണം: അന്വേഷണം നടത്തുമെന്ന് പനീര്‍ശെല്‍വം,രാജി പിൻവലിക്കും.

single-img
8 February 2017

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാവൽ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം.പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് ശേഷം കൂടുതല്‍ വിശദീകരണത്തിനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കും. 16 വർഷത്തോളം ജയലളിത മുഖ്യമന്ത്രിയായി തുടർന്നു. ഞാൻ രണ്ടുപ്രാവശ്യമാണ് ആ സ്ഥാനത്തെത്തിയത്. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടർന്നു. പാർട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. അണ്ണാ ഡിഎംകെയുടെ ഒത്തൊരുമയ്ക്കായി എന്നും നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാർട്ടിയെ ചതിക്കില്ല. തന്റെ പിന്നിൽ ബിജെപിയാണെന്ന ആരോപണം ഒ.പനീർസെൽവം തള്ളി.
പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. ഇടക്കാല ജനറല്‍ സെക്രട്ടറി മാത്രമാണ് ശശികല. പാര്‍ട്ടിയുടെ ജനറല്‍ ബോഡി ഉടന്‍ വിളിച്ചുചേര്‍ക്കണം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ശശികലയെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നത്. ജയലളിതയുടെ സഹോദരപുത്രി ദീപയുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികിടക്കയിലായിരുന്ന ജയലളിതയെ കാണാന്‍ തന്നെ അനുവദിച്ചില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ടെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം അറിയിച്ചത്.