പനീര്‍ശെല്‍വത്തെ പൂട്ടാന്‍ ചിന്നമ്മ; ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ അഞ്ജാതകേന്ദ്രത്തിലേക്ക് മാറ്റി

single-img
8 February 2017

 

 

 

ചെന്നൈ:അണ്ണാഡിഎംകെ എംഎല്‍എമാരെ ചിന്നമ്മ ശശികല രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പിന്തുണയറിയിച്ച് എത്തിയ 131 എംഎല്‍എമാരെ മൂന്ന് ബസുകളിലാക്കിയാണ് പാര്‍ട്ടി ആസ്ഥാനത്ത് നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമമാണ് ശശികലയുടെ ‘എഎല്‍എ കടത്തിന്’ പിന്നില്‍. പനീര്‍ശെല്‍വത്തിനോ മറ്റാര്‍ക്കോ സ്വാധീനിക്കാന്‍ കഴിയാത്തവിധത്തില്‍ എംഎല്‍എമാരെ കൂട്ടത്തോടെ മാറ്റുകയെന്നതാണ് ചെന്നൈയില്‍ ചിന്നമ്മ നടപ്പാക്കിയത്.

 
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങള്‍ ഗവര്‍ണറുടെ നിലപാടുകളാലാണ് വൈകുന്നത്. മഹാരാഷ്ട്രയിലുള്ള ഗവര്‍ണര്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവരാത്തത് വിലങ്ങുതടിയായതോടെ എംപിമാരെ അയച്ച് രാഷ്ട്രപതിയെ കാണാനാണ് ശശികലയുടെ നീക്കം. ഇന്ന് രാത്രി തന്നെ അണ്ണാഡിഎംകെ എംപിമാര്‍ രാഷ്ട്രപതിയെ കണ്ട് ഗവര്‍ണര്‍ സത്യപ്രതിജ്ഞ വൈകിക്കുന്നതില്‍ പരാതി ഉന്നയിക്കും. ശശികലക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഉത്തരവ് ഈ ആഴ്ച ഉണ്ടാകുമെന്നിരിക്കെയാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശശികലയുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാത്തത്.

ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കത്തിനെതിരെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ശക്തമായി രംഗത്ത് വരുകയും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്യുമെന്ന് പറഞ്ഞതോടെയാണ് ശശികല പെട്ടെന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചത്. ഇവിടെയത്തിയ എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന്റെ പക്ഷത്തേക്ക് നീങ്ങാതിരിക്കാനാണ് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ബസുകളില്‍ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.