ജീവന് വായു വേണമോ എന്ന് പഠിക്കാന്‍ പൂച്ചയെ പെട്ടിയിലടച്ച് നോക്കിയാല്‍ മതിയെന്ന് ആറാം ക്ലാസ് പാഠപുസ്തകം;പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം

single-img
8 February 2017

 

 

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ പരീക്ഷണം ചെയ്ത് പലതും പഠിപ്പിക്കുന്നുണ്ടെങ്കിലും ജീവന് വായു അടിസ്ഥാന ഘടകമാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിന് മൃഗങ്ങളെ വെച്ച് പരീക്ഷണം നടത്താന്‍ നിര്‍ദേശിച്ച് പാഠപുസ്തകം. വടക്കേ ഇന്ത്യയിലെ ചില സ്‌കൂളുകളില്‍ വിതരണം ചെയ്ത ആറാം ക്ലാസ് പാഠപുസ്തകത്തിലാണ് ജീവവായു സംബന്ധിച്ച പരീക്ഷണം നിര്‍ദേശിക്കുന്നത്.

ജീവന് വായു അത്യാവശ്യമാണോ എന്ന് അറിയുന്നതിന് പൂച്ചയെ വെച്ച് പരീക്ഷണം നടത്താനാണ് നിര്‍ദേശം. ഇതിന് മരത്തിന്റെ രണ്ടു പെട്ടികള്‍ എടുത്ത ശേഷം ഒന്നില്‍ വായു സഞ്ചാരത്തിന് ദ്വാരമിട്ട ശേഷം പൂച്ചയെ വെക്കാന്‍ നിര്‍ദേശിക്കുന്നു. വേറൊരു പൂച്ചയെ വായു സഞ്ചാരമില്ലാത്ത പെട്ടിയിലും അടക്കാന്‍ നിര്‍ദേശിക്കുന്നു. അല്‍പസമയത്തിനു ശേഷം വായു സഞ്ചാരമില്ലാത്ത പെട്ടിയിലെ പൂച്ച ചത്തതായി കാണാന്‍ സാധിക്കുമെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്.

ഇതോടെ പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പുസ്തക പ്രസാധകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മൃഗസംരക്ഷണ സമിതിക്ക് (എഫ്ഐഎപിഒഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍) നിരവധി പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.