ബാങ്ക് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു;ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാം; മാര്‍ച്ച് 13 ഓടെ നിയന്ത്രണം ഒഴിവാക്കും

single-img
8 February 2017

 

 

 

മുംബൈ:പണം പിന്‍വലിക്കുന്നതിലെ ബാങ്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി റിസര്‍വ്വ് ബാങ്ക്. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ അറിയിച്ചു. മാര്‍ച്ച് 13ഓടെ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുമെന്നും റിസര്‍വ്വ് ബാങ്ക്. നിലവില്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തില്‍ അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനമെങ്കിലും കുറവു വരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിരക്കുകള്‍ അതേപടി നിലനിര്‍ത്തി പലിശ കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനാണ് ആര്‍ബിഐ മുതിര്‍ന്നത്.

ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ടുനയപ്രഖ്യാപനങ്ങളിലും പൊതു പ്രതീക്ഷയ്ക്ക് വിരുദ്ധമായ തീരുമാനങ്ങളാണുണ്ടായത്. ഒക്ടോബറില്‍, നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന് എല്ലാവരും പ്രവചിച്ചപ്പോള്‍ കാല്‍ശതമാനം നിരക്ക് കുറച്ച് സമിതിഞെട്ടിച്ചു. നോട്ടുനിരോധനത്തിനു ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്കുകുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത്തവണ തത്സ്ഥിതി നിലനിര്‍ത്താനായിരുന്നു തീരുമാനം.

റിസര്‍വ് ബാങ്ക് നിരക്കുകുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിനുശേഷം മിക്കബാങ്കുകളും പലിശനിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ ഒരുശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും നിരക്കു കുറയ്ക്കേണ്ടതില്ലെന്ന് ആര്‍.ബി.ഐ. സമിതി തീരുമാനിക്കുകയായിരുന്നു.