തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് ശശികല വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു, 40 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സാധ്യത

single-img
7 February 2017

തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല സ്ഥാനമേല്‍ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിയില്‍ നിന്നുതന്നെ ജയലളിതയുടെ തോഴിയായിരുന്ന ശശികല സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. നടപടിയില്‍ തൃപ്തരല്ലാത്ത 40 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ ഡിഎംകെയിലേക്ക് മാറിയേക്കുമെന്നും റിപ്പോര്‍ട്ട്.

ഞായറാഴ്ച ചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണ് ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. അതേസമയം, എംഎല്‍എമാര്‍ ഒരുമിച്ചെടുത്ത തീരുമാനം ഗവര്‍ണര്‍ക്കു മാറ്റാന്‍ സാധിക്കില്ലെന്ന് അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗവര്‍ണര്‍ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ എത്രയും വേഗം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു. നിയമസഭാകക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തിരുന്നു.

ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഇന്ന് സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലിനോടു നിയമോപദേശം തേടിയതോടെ സത്യപ്രതിജ്ഞ ഇന്ന് നടക്കില്ലെന്ന് ഉറപ്പായിരുന്നു.

ഇതിനിടെ, സമൂഹ മാധ്യമങ്ങളിലും ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയരുന്നത്. ‘തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കായി ഏറെ വൈകാതെ 234 തൊഴിലവസരങ്ങള്‍ തുറക്കും’ എന്ന ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ ട്വീറ്റ് ചെയ്തത് തരംഗമായി. 234 അംഗ നിയമസഭയെയാണ് അശ്വിന്‍ പരോക്ഷമായി സൂചിപ്പിച്ചത്. പോയസ് ഗാര്‍ഡന്‍ റോഡിലൂടെ ‘എന്റെ വോട്ട് നിങ്ങള്‍ക്കല്ല’ എന്ന റാപ് ഗാനം പാടി നടക്കുന്ന ഗായിക സോഫിയ അഷ്‌റഫിന്റെ ഫെയ്‌സ്ബുക്ക് ലൈവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ജനാധിപത്യം മരിച്ചു എന്ന അടിക്കുറിപ്പോടെയാണു ഗാനം ഫെയ്‌സ്ബുക്കില്‍ തല്‍സമയം സംപ്രേഷണം ചെയ്തത്.