പണം തട്ടിയെടുക്കാന്‍ 2,200 സ്ത്രീകളുടെ ഗര്‍ഭപാത്രം മുറിച്ചുമാറ്റിയ നാല് ആശുപത്രികള്‍ പൂട്ടിച്ചു

single-img
7 February 2017

 

 

 

 

ബംഗലുരു: ശസ്ത്രക്രിയയിലൂടെ അനധികൃതമായി പണം സമ്പാദിക്കുന്നതിനായി സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങള്‍ വ്യാപകമായി നീക്കം ചെയ്തിരുന്ന കര്‍ണാടകത്തിലെ നാല് ആശുപത്രികള്‍ക്ക് ലൈസന്‍സ് നഷ്ടമായി. 2,200 പേര്‍ക്ക് ഗര്‍ഭപാത്രം നഷ്ടമായ സംഭവത്തില്‍ വന്‍കിട റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രികളാണ് പൂട്ടിച്ചത്. സ്ത്രീകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി.

കര്‍ണാടകയിലെ ലംബാനി സമുദായത്തില്‍ പെട്ട സ്ത്രീകളെയാണ് റാക്കറ്റ് ഇതിനായി ഇരയാക്കിയത്. ഇതിലൂടെ വന്‍ തുക തട്ടുകയും ചെയ്തു. എന്നാല്‍ 2015 ല്‍ സമര്‍പ്പിക്കപ്പെട്ട ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കിയത്. തിങ്കളാഴ്ച ആയിരത്തോളം വരുന്ന ഇരകളെ സംഘടിപ്പിച്ച് കലബുറഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയിരുന്നു.

ആള്‍ടര്‍നേറ്റീവ് ലോ ഫോറം, വിമോചന, സ്വരാജ് അഭിയാന്‍ തുടങ്ങിയ എന്‍ജിഒകളും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.ഇരകളാക്കപ്പെട്ട മിക്കവരും ചെറിയ വയറുവേദനയുടേയും നടുവേദനയുടെയും പേരില്‍ ചികിത്സയ്ക്കായി എത്തിയവരായിരുന്നു. ഇവരെ അള്‍ട്രാ സൗണ്ട് പരിശോനയ്ക്ക് വിധേയമാക്കുകയും ചെറിയ മരുന്നുകള്‍ നല്‍കി അയയ്ക്കുകയും ചെയ്യും. പിന്നീട് തുടര്‍ച്ചയായി ആശുപത്രി സന്ദര്‍ശിക്കുന്ന സ്ത്രീകളെ പ്രത്യേകമായി വിലയിരുത്തിയ ശേഷം അവര്‍ക്ക് ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തുകയും ഗര്‍ഭപാത്രം എടുത്തുകളയാതെ നിവര്‍ത്തിയില്ലെന്ന് പറയുകയും ചെയ്യും. കാന്‍സര്‍ പേടിച്ച് സ്ത്രീകള്‍ ഇതിന് സമ്മതിക്കുമ്പോള്‍ ചെലവേറിയ ശസ്ത്രക്രിയ നടത്തും.

ഇക്കാര്യത്തില്‍ ആശുപത്രികളെ സഹായിക്കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആശാ അംഗന്‍വാഡി പ്രവര്‍ത്തകരെ ചെറിയ തുക നല്‍കി രോഗികളെ കണ്ടെത്താന നിയോഗിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരകളാക്കപ്പെട്ട 40 ശതമാനം പേരും ദരിദ്രരായിരുന്നെന്നും 50 ശതമാനവും 40 വയസ്സില്‍ താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.