ലോ അക്കാദമിക്കുള്ളിലെ ലക്ഷ്മി നായരുടെ ഹോട്ടല്‍ കെഎസ് യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു;ബാങ്ക് പൂട്ടിക്കാന്‍ പ്രവർത്തകർ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം.

single-img
7 February 2017

 

 

തിരുവനന്തപുരം;ലോ അക്കാദമി ക്യാമ്പസിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മിനായരുടെ ഹോട്ടല്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിച്ചു. കെ.എസ്.യു പ്രവര്‍ത്തകരാണ് ഹോട്ടല്‍ പൂട്ടിച്ചത്. പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികളുടെ സംഘമാണ് ഹോട്ടലില്‍ എത്തി അടക്കാന്‍ ആവശ്യപ്പെട്ടത്. ഇത് കൂടാതെ അക്കാദമിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഒഴിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിക്കുകയാണ്.

വിദ്യാര്‍ഥികളുടെ പേരിലുളള കള്ളപ്പണം ലക്ഷ്മിനായര്‍ ഈ ബാങ്കില്‍ വെളുപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ബാങ്കും പൂട്ടിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം ബാങ്ക് ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മറ്റെന്നാള്‍ ചേരുന്ന മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.ലോ അക്കാദമിയിലെ പ്രശനം 29-ാം ദിവസത്തിലേക്ക് കടന്നു.

ലോ അക്കാദമി ഭൂമിയെ കുറിച്ചുള്ള റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി റിപ്പോര്‍ട്ട് നല്‍കിയാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലോ അക്കാദമി ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ മാറ്റമില്ല. ലോ അക്കാദമിയെ മാര്‍ക്സിസ്റ്റ് വല്‍കരിക്കാനാണ് നീക്കം നടത്തുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.