വിപണിയില്‍ വില കുതിക്കുന്നതിനിടെ സപ്ലൈകോ ജയ അരിയുടെയും വെളിച്ചെണ്ണയുടെയും വില്‍പന വെട്ടിക്കുറച്ചു

single-img
7 February 2017

 

 

കോട്ടയം: വിപണിയില്‍ വില കൂടുന്നതിനിടെ സപ്ലൈകോ ജയ അരിയുടെയും വെളിച്ചെണ്ണയുടെയും വില്‍പ്പന വെട്ടിക്കുറച്ചു. സബ്സിഡി, നോണ്‍ സബ്സിഡി വില്‍പ്പനയ്ക്കും നിയന്ത്രണം ബാധകമാണ്.

സബ്സിഡിയില്ലാത്ത വില്‍പ്പനയ്ക്കു പരിധി വേണ്ടെന്ന നിര്‍ദേശം പിന്‍വലിച്ചെന്നു മാത്രമല്ല, അങ്ങനെയുള്ള വില്‍പ്പന പോലും വേണ്ടെന്നുവച്ചു. നിശ്ചിത അളവില്‍ സബ്സിഡി നിരക്കില്‍ മാത്രമാണ് ഇപ്പോള്‍ വില്‍പ്പന. അതും കര്‍ശന നിരീക്ഷണത്തിന്റെയും കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിലാക്കി.ജയ അരിയും വെളിച്ചണ്ണയും പൊതുവിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭ്യമായിരുന്നു.അരിക്ഷാമം പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാക്കിയതോടെ സപ്ലൈകോ വില്‍പ്പന വെട്ടിച്ചുരുക്കുകയായിരുന്നു.

 
സബ്സിഡിയില്ലാതെ നല്‍കാന്‍ ചില ഡിപ്പോകളില്‍ ജയ അരി സ്റ്റോക്കുണ്ടെങ്കിലും അതു വില്‍പ്പനയ്ക്കു വയ്ക്കാതെ പൂഴ്ത്തുന്നതായി ആക്ഷേപമുണ്ട്. കിലോയ്ക്കു 25 രൂപയ്ക്കു സപ്ലൈകോ വഴി സബ്സിഡി വിലയില്‍ നല്‍കിയിരുന്ന ജയ അരിയുടെ നോണ്‍ സബ്സിഡി വില 37 രൂപയായി ഉയര്‍ത്തിയിരുന്നു. പൊതുവിപണിയില്‍ 42 മുതല്‍ 45 രൂപവരെ വില ഉയര്‍ന്നപ്പോഴാണ് സപ്ലൈകോ നോണ്‍ സബ്സിഡി വില വര്‍ധിപ്പിച്ചത്. വിലക്കുറവിന്റെ ആകര്‍ഷണത്തില്‍ കൂടുതല്‍ ഉപയോക്താക്കളെത്തുന്നതോടെ അരി വിതരണം താറുമാറാകുമെന്നു പേടിച്ചാണു നടപടി.

വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 160 രൂപ മുതല്‍ മുകളിലേക്കാണു വിപണവില. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനത്തില്‍ 90 രൂപയ്ക്കു ലഭിക്കുമായിരുന്ന ശബരി വെളിച്ചെണ്ണ പുറത്തു കണ്ടിട്ട് നാളുകളായി. സപ്ലൈകോയ്ക്ക് എണ്ണ നല്‍കുന്നതു നഷ്ടമാകുമെന്ന കണക്കുകൂട്ടലില്‍ വിതരണക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.