ലോ അക്കാദമി സമരം സര്‍ക്കാരിനെതിരല്ല- കാനം രാജേന്ദ്രന്;പാർട്ടി പിന്തുണയ്ക്കുന്നത് വിദ്യാർഥികളുടെ ആവശ്യത്തെ

single-img
6 February 2017

ലോ അക്കാഡമിയിൽ നടക്കുന്നത് വിദ്യാർഥി സമരം മാത്രമാണെന്നും പാർട്ടി പിന്തുണയ്ക്കുന്നത് വിദ്യാർഥികളുടെ ആവശ്യത്തെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനയുഗത്തില്‍ വന്ന ലേഖനം സംബന്ധിച്ച് എഡിറ്റര്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ പത്രത്തില്‍ വന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പാത്രങ്ങളില്‍ വരാറുണ്ട്. പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തില്‍ പറയും.

അക്കാഡമി സമരം സർക്കാരിനെതിരായ സമരമായി സിപിഐ കാണുന്നില്ല. എഐഎസ്എഫാണ് അക്കാഡമിയിൽ ആദ്യം സമരം തുടങ്ങിയത്. പിന്നീടാണ് മറ്റ് വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും സമര രംഗത്ത് എത്തിയത്. അവർക്ക് രാഷ്ട്രീയ അജണ്ടകൾ കാണും. വിദ്യാർഥി സമരത്തിലെ ആവശ്യങ്ങൾ പരിഹരിക്കാതെ വന്നതുകൊണ്ടാണ് സമരത്തിന് രാഷ്ട്രീയമാനം കൈവന്നതെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി സമരവുമായി ബന്ധപ്പെട്ട് സിപിഐ ഒരാവശ്യവും ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നും പാർട്ടിക്ക് അഭിപ്രായമില്ല. വിദ്യാഭ്യാസമന്ത്രി വളരെ കഴിവുള്ളയാളാണെന്നും മനസുവച്ചാൽ അദ്ദേഹത്തിന് തീർക്കാൻ പറ്റുന്ന കാര്യമേ വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടൂള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.