മാര്‍ക്ക് ദാനം നല്‍കിയെന്ന ആരോപണം; ലക്ഷ്മി നായരുടെ ഭാവി മരുമകളില്‍നിന്ന് മൊഴിയെടുക്കും

single-img
6 February 2017

തിരുവനന്തപുരം: ലോ അക്കാദമിയില്‍ അനധികൃതമായി മാര്‍ക്ക് ദാനം നല്‍കിയെന്ന ആരോപണത്തില്‍ പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി. നായരില്‍നിന്നു മൊഴിയെടുക്കും. സിന്‍ഡിക്കറ്റ് പരീക്ഷാ ഉപസമിതിയുടേതാണു തീരുമാനം. ഇന്റേണല്‍ മാര്‍ക്ക് ഘടന പരിഷ്‌കരിക്കാനും ഉപസമിതി ശുപാര്‍ശ ചെയ്തു.

നാലാം സെമസ്റ്ററില്‍ പഠിക്കുമ്പോള്‍ ഇവര്‍ക്ക് 50 ശതമാനത്തില്‍ത്താഴെ മാത്രമേ ഹാജര്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവര്‍ക്ക് 20ല്‍ 19 മാര്‍ക്കും ഇന്റേണല്‍ മാര്‍ക്കായി നല്‍കി.ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട പരാതികളില്‍ ഒന്നായിരുന്നു ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ അനുരാധാ പി. നായര്‍ക്ക് മാര്‍ക്ക് ദാനം നല്‍കിയെന്നുള്ളത്. ഇത്തരത്തില്‍ വലിയതോതിലുള്ള ക്രമക്കേടാണ് ലോ അക്കാദമിയില്‍ നടക്കുന്നതെന്നാണു വിദ്യാര്‍ത്ഥികളുടെ പരാതി.

പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണം നടത്തിയ സര്‍വകലാശാല ഉപസമിതിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ ഉപസമിതി ഇവരില്‍നിന്നു കൂടുതല്‍ തെളിവെടുക്കാന്‍ തീരുമാനിച്ചത്.