മുഖ്യമന്ത്രിക്കെതിരെ ജനയുഗം; ചരിത്ര പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്ക് ചവറ്റുകുട്ട

single-img
6 February 2017


ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം ലേഖനത്തിലൂടെ ചോദിക്കുന്നു. സര്‍ സി പി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്രവയലാര്‍ രക്തസാക്ഷികളെ… എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ രൂക്ഷമായ വിമര്‍ശനമാണുള്ളത്. ഏതോ ഒരു പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച നടരാജപിള്ള ആരായിരുന്നുവെന്ന് ജനയുഗം ഓര്‍മ്മിപ്പിക്കുന്നു.ഭൂമി നല്‍കിയത് സര്‍ക്കാരിന് അധികാരമുള്ള ട്രസ്റ്റിന്. ഇന്ന് കുടുംബത്തിന്റെ കാല്‍ക്കീഴില്‍. ഇതിനെ പിന്തുണയ്ക്കുന്നത് പൊതുസമൂഹത്തോടുള്ള പാതകം എന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കുമെന്നാണ് ലേഖനത്തിന്റെ തുടക്കം.
സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്‌മെന്റിന്റെ മോഗാഫോണായി മാറിയെന്നു കുറ്റപ്പെടുത്തുന്നു. എസ്എഫ്ഐയെ ഒറ്റുകാരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്ന് ആരും മറക്കരുതെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

നിര്‍ധനരും പിന്നാക്കക്കാര്‍ക്കുംവേണ്ടി തുടങ്ങിയ സ്ഥാപനമാണ് ലോ അക്കാദമി. ഇന്നതു ജന്മിത്വദുഷ്പ്രഭുത്വത്തിന്റെ കേന്ദ്രമാണ്. സര്‍ സിപി ഭൂമി പിടിച്ചെടുത്തതു ശരിയാണെന്നാണോ പറയുന്നത്? അങ്ങനെയെങ്കില്‍ പുന്നപ്ര വയലാര്‍ സമരക്കാര്‍ ക്രിമിനലുകളാണോ? അവരും പോരാടിയതു ദിവാന്‍ ഭരണത്തിനെതിരെയാണ്. ചരിത്രപാഠം ഉള്‍കൊള്ളാത്തവരെ കാത്തിരിക്കുന്നതു ചവറ്റുകുട്ടകളാണെന്നും ലേഖനങ്ങള്‍ ഓര്‍മിപ്പിക്കുന്നു.