ചരിത്രത്തിലേക്ക് ചുവടെവെച്ച് റെയില്‍വേ, ആന്‍ഡമാന്‍ നിക്കോബാറില്‍ റെയില്‍ പാതക്ക് അനുമതിയുമായി റെയില്‍വേ

single-img
6 February 2017

ന്യൂഡല്‍ഹി: ചരിത്രത്തിലേക്ക് ചുവടുവെച്ച്് റെയില്‍വേ. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ റെയില്‍പാത സ്ഥാപിക്കാനുളള പദ്ധതിക്ക് അനുമതി നല്‍കാനുളള അന്തിമനീക്കത്തിലാണ് റെയില്‍വേ. തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെയും ദ്വീപിലെ മറ്റൊരു പ്രധാനകേന്ദ്രമായ ദിഗ്ലിപ്പൂരിനെയും ബന്ധിപ്പിക്കുന്ന 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ബ്രോഡ്‌ഗേജ് പാതയ്ക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

റെയില്‍വേ നടത്തിയ സര്‍വ്വേ അനുസരിച്ച് 2,413. 68 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. നിലവില്‍ ബസില്‍ 350 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഈ ദൂരം താണ്ടാന്‍. 14 മണിക്കൂറോളം ബസിലും കടലിലൂടെ 24 മണിക്കൂറും യാത്രയ്ക്ക് വേണ്ടിവരും. റെയില്‍പാത നിലവില്‍ വരുന്നതോടെ യാത്രാസമയം കുറയുകയും യാത്രാസൗകര്യവും ചരക്ക് നീക്കവും വര്‍ധിക്കുകയും ചെയ്യും.

യാത്രാനിരക്കില്‍ ലാഭം പ്രതീക്ഷിക്കുന്നില്ലെങ്കിലും ചരക്കുനീക്കത്തില്‍ ഇത് മറികടക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ദ്വീപുകളെ ബന്ധിപ്പിച്ചുളള റെയില്‍പാത നിലവില്‍ വരുന്നതോടെ മറ്റ് തരത്തിലും ഗുണകരമാകുമെന്നും റെയില്‍വേ വിലയിരുത്തുന്നു.

പദ്ധിക്ക് കഴിഞ്ഞ ആഴ്ച ഫിനാന്‍സ് ഡയറക്ട്രേറ്റ് അംഗീകാരം നല്‍കി. വിനോദസഞ്ചാര മേഖലയ്ക്ക് ഉള്‍പ്പെടെ ഗുണകരമാകുമെന്ന വിലയിരുത്തലോടെയാണ് ഫിനാന്‍സ് ഡയറക്ട്രേറ്റ് അംഗീകാരം നല്‍കിയത്. നിലവില്‍ 4.5 ലക്ഷം വിനോദസഞ്ചാരികളാണ് ദ്വീപില്‍ ഒരു വര്‍ഷം എത്തുന്നത്. റെയില്‍പാത നിലവില്‍ വരുന്നതോടെ ഇവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.