ഇ. അഹമ്മദിനോട് അനാദരവ് കാട്ടിയെന്ന് മക്കള്‍, സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം

single-img
6 February 2017

ദില്ലി : മുസ്ലിംലീഗ് നേതാവും എംപിയുമായ ഇ. അഹമ്മദിന്റെ മൃതദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നിയമനടപടികള്‍ കൈക്കൊള്ളാന്‍ മുസ്ലിംലീഗ്. അതിനിടെ മരണവിവരം മറച്ചുവെച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം. ഇക്കാര്യം സംബന്ധിച്ച് അടിയന്തര പ്രവര്‍ത്തക സമിതി യോഗവും ലീഗ് ഇന്ന് വിളിച്ചിട്ടുണ്ട്.

പാര്‍ലമെന്റിന് അകത്തും പുറത്തും നടക്കുന്ന പ്രതിഷേധത്തില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് ലീഗിന്റെ ആലോചന. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ കേരളാ എം.പിമാര്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പങ്കെടുത്തു. ലീഗ് നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹത്തെ കാണാനും ലീഗ് ശ്രമിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ യൂത്ത് ലീഗിനെ അണിനിരത്തി രാജ്ഭവന് മുന്നില്‍ സമരം നടത്താനും തീരുമാനമായിട്ടുണ്ട്. നാളെ രാജ്ഭവന് മുന്നില്‍ രാവിലെ മുതല്‍ വൈകിട്ട് വരെയാണ് യൂത്ത് ലീഗ് ധര്‍ണ. കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ധര്‍ണ ഉദ്ഘാടനം ചെയ്യുന്നത്.

പിതാവിന് മതപരമായ ആചാരങ്ങള്‍ പ്രകാരമുളള സത്യവാചകം( കലിമ ) ചൊല്ലി കൊടുക്കുന്നതിനും ആശുപത്രി അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി അഹമ്മദിന്റെ മക്കളും വെളിപ്പെടുത്തി. ഇ. അഹമ്മദിന്റെ സെക്രട്ടറി കൂടിയായ ഷെഫീഖ് കലിമ(സത്യവാചകം) ചൊല്ലിക്കൊടുക്കുന്നത് അവസാനിപ്പിക്കാനായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശമെന്നും മകന്‍ നസീര്‍ അഹമ്മദ് പറഞ്ഞു. ഇ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം നാഡിമിടിപ്പ് കുത്തനെ താഴുന്ന സമയത്തായിരുന്നു സന്തത സഹചാരിയായ ഷഫീഖ് കലിമ ചൊല്ലി കൊടുത്തു കൊണ്ടിരുന്നത്. എന്നാല്‍ ഇടക്ക് ആശുപത്രി അധികൃതര്‍ എത്തി ഇത് വിലക്കുകയായിരുന്നു. മെഡിക്കല്‍ എത്തിക്‌സിന് ചേരാത്ത പ്രവൃത്തികള്‍ക്കെല്ലാം ന്യായീകരണമായി ഡോക്ടര്‍മാരുടെ മറുപടി, ഉന്നതതല നിര്‍ദേശം ഉണ്ടെന്ന വാദമായിരുന്നുവെന്നും മകള്‍ ഡോ ഫൗസിയയും വ്യക്തമാക്കി.

വിഷയം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇ. അഹമ്മദിനെ അനാദരിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം പോരെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണമാണ് നടക്കേണ്ടത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം, കേരളത്തിലെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു. കൂടാതെ എം.പിമാരെ അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ പ്രതിഷേധിച്ചു