കോട്ടയം മറ്റക്കര ടോംസ് കോളേജിന് സാങ്കേതിക സര്‍വകലാശാല സ്‌റ്റോപ്പ് മെമ്മോ, നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു

single-img
6 February 2017

തിരുവനന്തപുരം : കോട്ടയം മറ്റക്കര ടോംസ് കോളേജിന് സാങ്കേതിക സര്‍വകലാശാല സ്‌റ്റോപ്പ് മെമ്മോ നല്‍കി്. നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ സാങ്കേതിക സര്‍വകലാശാല ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാങ്കേതിക സര്‍വകലാശാലയിലേയ്ക്ക് മാര്‍ച്ച് നടത്തി പരാതി ബോധിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചത്.

വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത പീഡനം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തില്‍ കോളേജില്‍ തെളിവെടുപ്പ് നടത്തിയത്. ഹോസ്റ്റലുകളിലെയും കോളേജിലെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലെ മാനസിക പീഡനങ്ങള്‍, ഭീമമായ ഫീസ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതികളായി ഉന്നയിച്ചത്.

കോളജിന് സംഭവിച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്നും, പല കോഴ്‌സുകളും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തെളിവെടുപ്പില്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ടോംസ് കോളേജിനെതിരെ സര്‍ക്കാര്‍ നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യാജ അഫിലിയേഷന്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാട് വിദ്യാഭ്യാസ മന്ത്രി സ്വീകരിക്കുകയായിരുന്നു. കോളേജിന് വ്യാജ അനുമതി പത്രം ലഭിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ സാങ്കേതിക സര്‍വ്വകലാശാല നടപടി ആരംഭിച്ചിട്ടുണ്ട്.