മൊബൈലില്‍ സംസാരിച്ചു നടക്കവെ 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പെണ്‍കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി;രക്ഷിക്കാനിറങ്ങിയ പിതാവിനേയും മകളേയും ഫയര്‍ഫോഴ്‌സ് കരയ്ക്കെത്തിച്ചു

single-img
6 February 2017

കടുത്തുരുത്തി: മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ പെണ്‍കുട്ടി 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണു. മലയില്‍ ജോസിന്റെ മകള്‍ ബ്ലെസി മേരി ജോസാ(17)ണു കിണറ്റില്‍ വീണത്. മകളുടെ നിലവിളികേട്ട് പിതാവ് ജോസ് കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങി. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും കരക്കെത്തിച്ചത്.

കാപ്പുന്തല പറമ്പ്രത്ത് ഇന്നലെ വൈകിട്ട് 4.15 നാണു സംഭവം. മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന ബ്ലെസി വീടിനു സമീപം സ്വകാര്യവ്യക്തിയുടെ കിണറിനു സമീപം എത്തി. സംരക്ഷണഭിത്തിയില്ലാത്ത കിണറിനടുത്തുനിന്നു സംസാരിക്കുന്നതിനിടെ ചവിട്ടിയ കല്ല് ഇളകി കിണറ്റിലേക്കു വീഴുകയായിരുന്നു. കിണര്‍ മൂടിയിട്ടിരുന്ന വലയില്‍ പെണ്‍ക്കുട്ടിക്ക് പിടിത്തം കിട്ടിയെങ്കിലും വലപൊട്ടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബ്ലെസിയുടെ കരച്ചില്‍ കേട്ടെത്തിയ പിതാവ് ജോസ് ഉടന്‍തന്നെ വടം കെട്ടി കിണറ്റിലേക്കിറങ്ങി.

രണ്ടരയടി വെള്ളവും ചപ്പ്ചവറും നിറഞ്ഞ കിണറിന്റെ അകം ഇടിഞ്ഞിരുന്നതിനാല്‍ ഇരുവര്‍ക്കും മുകളിലേക്ക് കയറുവാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ ആപ്പാഞ്ചിറയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം വലയിട്ട് ആദ്യം ബ്ലെസിയെയും പിന്നീട് ജോസിനെയും കിണറ്റിനു വെളിയില്‍ എത്തിച്ചു. തുടര്‍ന്നു ബ്ലെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ബ്ലെസി നടുവേദനയെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു.