മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോട് വിധേയത്വമെന്ന് കെ. മുരളീധരൻ;ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയായ ട്രസ്റ്റിനു കരുണാകരൻ സര്‍ക്കാര്‍ കൈമാറിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സർക്കാർ അന്വേഷിക്കണം

single-img
6 February 2017

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി കെ. മുരളീധരന്‍ എം.എല്‍.എ. വിഷയത്തിലേക്ക് കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്ക് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോടുള്ളവിധേയത്വമാണ് വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.

കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി നല്‍കിയത് ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയായ ട്രസ്റ്റിനാണ്. ട്രസ്റ്റിന് നല്‍കിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിന്റെ സമാപന യോഗത്തിലാണ് കെ. മുരളീധരന്റെ നിരാഹാര സമരത്തെ പരിഹസിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയത്.കെ കരുണാകരന്‍ ലോ അക്കാദമിക്ക് ഭൂമി കൊടുത്ത കാര്യത്തില്‍ കെ മുരളീധരന്‍ നിരാഹാരം കിടക്കുന്നത് എന്തിനാണെന്നായിരുന്നു പിണറായി ചോദിച്ചത്.

ജീവിച്ചിരുന്നപ്പോള്‍ മുരളീധരന്‍ അച്ഛന്റെ സൈ്വര്യം കെടുത്തി. ഇപ്പോള്‍ ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരം കിടന്ന് അച്ഛന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുന്നു. ഇവരൊക്കെ ആത്മാവിനെ വിശ്വസിക്കുന്നവരായിരിക്കില്ല. അങ്ങനെയാണെങ്കില്‍ അച്ഛന്റെ ആത്മാവ് എന്തായിരിക്കും ഇപ്പൊ പറയുന്നത് എന്ന് ഇവര്‍ ആലോചിക്കുന്നുണ്ടാവുമോ എന്നും പിണറായി ചോദിച്ചു.