ദേശീയഗാനം ജനഗണമനയോ? വന്ദേമാതരമോ? വ്യക്തത വരുത്താന്‍ നിര്‍ദേശം

single-img
6 February 2017

ദില്ലി : ദേശീയഗാനം സംബന്ധിച്ച് വ്യക്തത വരുത്തുവാന്‍ പ്രധാനമന്ത്രി കാര്യാലയം ദേശീയ വിവരാവകാശ വകുപ്പിനോട് നിര്‍ദേശിച്ചു. ദേശീയഗാനം ജനഗണമനയോ, വന്ദേമാതരമോ എന്നത് വിവരാവകാശ നിയമം വഴി ഉത്തരം കൊടുക്കുവാന്‍ സാധ്യമല്ലാതായതാണ് വിവാദത്തിനിടയാക്കിയത്. ഇത് സംബന്ധിച്ച് ചരിത്ര രേഖകള്‍ ആധാരമാക്കി ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തുവാനാണ് പ്രധാനമന്ത്രിയുടെ കാര്യാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

വിവരാവകാശ നിയമ പ്രകാരം ഹരീന്ദര്‍ ദിങ്ങ്‌റ എന്ന വ്യക്തിയാണ് ദേശീയ ഗാനത്തെ കുറിച്ചുള്ള വസ്തുതകള്‍ ആരാഞ്ഞത്. ഇതിന് മറുപടിയായി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയാണ് ദേശീയ ഗാനമായി ആലപിക്കുന്നതെന്ന മറുപടി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുവാന്‍ സാധിച്ചത്. ദേശീയ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവരാവകാശ നടപടിയില്‍ അത്ഭുതമാണ് പ്രകടിപ്പിച്ചത്. യാതൊരുവിധ ഗൗരവവും ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതെന്നും അദ്ദേഹം നിരീക്ഷിച്ചു.

സര്‍ക്കാരിന്റെ പക്കല്‍ കാര്യമായ രേഖകള്‍ ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ മറുപടി നല്‍കിയതെന്നും ദേശീയ ഗാനത്തിന്റെയും, വന്ദേമാതരത്തിന്റെയും ചരിത്രം വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ദേശീയ ഗാനത്തെ സംബന്ധിച്ച് വിവിധ ഗവേഷണ രേഖകള്‍ ആധാരമാക്കി മറുപടി തയ്യാറാക്കുവാന്‍ സാധിക്കും, സുപ്രീം കോടതി ഉത്തരവുകള്‍ പ്രകാരം എല്ലാ തരത്തിലുമുള്ള ജനങ്ങളും ദേശീയ ഗാനത്തെ ബഹുമാനിക്കുവാന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ ദേശീയഗാനത്തിന്റെ പേരില്‍ ജനങ്ങളെ ശിക്ഷിക്കുന്നതിന് മുന്‍പ് ദേശീയഗാനത്തിന്റെ പ്രസക്തിയും മൂല്യവും സംബന്ധിച്ച് ജനങ്ങളില്‍ അറിവ് ഉണര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ രേഖപ്പെടുത്തുവാന്‍ ചരിത്ര രേഖകള്‍ വളരെയധികം ഉപകാരപ്പെടുമെന്നും, പൊതുജന താത്പര്യം മുന്‍ നിറുത്തി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയാണ് ഇത്തരം സംശയങ്ങള്‍ക്ക് ആധാരമെന്നും, ജനങ്ങളില്‍ ദേശീയത വളര്‍ത്തുവാന്‍ ദേശീയ ഗാനം നിര്‍ബന്ധമാണെന്നും അദ്ദേഹം വിലയിരുത്തി.