പനീര്‍ശെല്‍വം രാജിവെച്ചു, അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി ഇനി ചിന്നമ്മ

single-img
5 February 2017

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവെച്ചു. ഇതോടെ ജയലളിതയുടെ തോഴി വി.കെ ശശികലയെ തമിഴ്‌നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ അടുത്ത അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികല നടരാജന്‍ ഫെബ്രുവരി 9 തീയ്യതി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി സ്ഥാനമേല്‍ക്കും.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെ നിയമസഭാ കക്ഷി നേതാവായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. എംഎല്‍എ മാരുടെ യോഗത്തില്‍ ഒ പനീര്‍ശെല്‍വമായിരുന്നു ശശികല നടരാജന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ തടസ്സങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്ത് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പനീര്‍ശെല്‍വമാണ് ശശികല നടരാജന്റെ പേര് പരിഗണിച്ചത്. എത്രയും പെട്ടെന്ന് ശശികല നടരാജനെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു അണ്ണാ ഡിഎംകെയുടെ ലക്ഷ്യം.

അതേസമയം, ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്ത് എം കെ സ്റ്റാലിന്‍ രംഗത്തുണ്ട്. വീട്ട് ജോലിക്കാരെ മുഖ്യമന്ത്രിയാക്കാന്‍ അല്ല ജനങ്ങള്‍ അണ്ണാ ഡിഎംകെ യ്ക്ക് വോട്ട് ചെയ്തതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ഉപദേഷ്ടാവായിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണന്‍ രാജിവെച്ചതോടെയാണ് ശശികലയുടെ സ്ഥാനാരോഹണം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. ശശികലയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പനീര്‍ശെല്‍വം ഷീല ബാലകൃഷ്ണനോട് സ്ഥാനമൊഴിയാന്‍ ആവവശ്യപ്പെട്ടതെന്നാണ് സൂചന.

കൂടാതെ, ജയലളിതയുടെ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കിയതും, ജെല്ലിക്കട്ട് പ്രശ്‌നം പരിഹരിച്ചതിലൂടെ പനീര്‍ശെല്‍വത്തിന്റെ  പ്രതിച്ഛായ വര്‍ധിച്ചതുമാണ് മുഖ്യമന്ത്രി പദത്തിലേറുന്നത് സംബന്ധിച്ച് ഉടനടി തീരുമാനമെടുക്കാന്‍ ശശികലയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലും ശശികല വന്‍ അഴിച്ചുപണി നടത്തിയിരുന്നു. എ.ഐ.എ.ഡി.എം.കെ. സംഘടനാതലം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളടക്കം 23 പേരെ വെള്ളിയാഴ്ച ശശികല ഭാരവാഹികളായി നിയമിച്ചിരുന്നു.കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഇതേമാസം 31ന് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റു. 62കാരിയായ ശശികല മൂന്നുപതിറ്റാണ്ട് ജയലളിതയുടെ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.