ലോ അക്കാദമി ; സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം നാളെ, വിദ്യാര്‍ത്ഥി സമരം 26-ാം ദിവസത്തിലേക്ക് കടന്നു

single-img
5 February 2017


തിരുവനന്തപുരം: ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം നാളെ ചേരും. അക്കാദമിക്കെതിരെ സിന്‍ഡിക്കേറ്റ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ് അടിയന്തര സിന്‍ഡിക്കേറ്റിന്റെ ലക്ഷ്യം. അതിനിടെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരം 26 ആം ദിവസത്തേയ്ക്ക് കടന്നു.

വിദ്യാര്‍ത്ഥികള്‍ അക്കാദമിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്. വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു ഉപസമിതി റിപ്പോര്‍ട്ടും. ഉപസമിതി റിപ്പോര്‍ട്ടിന്‍മേല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സിന്‍ഡിക്കേറ്റിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര സിന്‍ഡിക്കേറ്റ് ചേരുന്നത്. ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് നേരത്തെ അംഗീകരിച്ചിരുന്നു.

സിന്‍ഡിക്കേറ്റ് ഉപസമതി റിപ്പോര്‍ട്ടിലുള്ളത് ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ്്. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും വിദ്യാര്‍ത്ഥികളുടെ ഹാജറില്‍ വരെ കൈകടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസൈന്റ്‌മെന്റിന്റെ മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഇന്റേണല്‍ മാര്‍ക്കിന്റെ വിഭജനം കോളേജില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ലക്ഷ്മിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളില്‍ ഏറെയും സത്യസന്ധമാണെന്നും കോളേജില്‍ മെറിറ്റ് അട്ടിമറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.