വിദ്യാര്‍ത്ഥി സംഘര്‍ഷം കണക്കിലെടുത്ത് തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടുന്നു

single-img
5 February 2017

 

 

 

വിദ്യാര്‍ഥി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു.പൊലീസ് സംരക്ഷണത്തില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ് ആരംഭിക്കുമെന്നാണ് മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് നിരാഹാര സമരം തുടരുന്ന കെ. മുരളീധരന്‍ എംഎല്‍എയും വിദ്യാര്‍ഥി സംഘടനകളും അറിയിച്ചിരുന്നു.

അതേസമയം  അക്കാദമി അടച്ചിട്ട നടപടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി.വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാനുള്ള ബാധ്യത അടച്ചിട്ടവര്‍ക്കുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

ക്ലാസ് തുറന്നാല്‍ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അക്കാദമി അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തത്. സമരം പൂര്‍ണമായും തീര്‍ന്നാല്‍ മാത്രമേ കോളജ് ഇനി തുറക്കുകയുള്ളൂ എന്നാണ് മാനേജ്‌മെന്റ് നിലപാട്.എസ്എഫ്‌ഐ സമരത്തില്‍നിന്നു പിന്‍മാറിയ സാഹചര്യത്തിലാണ് അക്കാദമി തുറക്കാന്‍ മാനേജ്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നത് ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ എസ്എഫ്െഎ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ഉറച്ചു നില്‍ക്കുന്നതാണ് സര്‍ക്കാരിനെയും ലോ അക്കാദമി മാനേജ്‌മെന്റിനെയും പ്രതിരോധത്തിലാക്കുന്നത്.