നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്,ബിജെപിയെ പിടിച്ചുകെട്ടാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല;നരേന്ദ്രമോദി

single-img
5 February 2017

 

 


അലിഗഢ് : നോട്ട് അസാധുവാക്കല്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു.കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം പാഴായി പോവുകയായിരുന്ന 40,000 കോടി സംരക്ഷിക്കാനായതായും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ മുന്നൊരുക്കത്തോട് കൂടി തന്നെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഇങ്ങനെയുള്ള തീരുമാനങ്ങളുണ്ടാവുമെന്ന് തന്റെ എതിരാളികള്‍ക്ക് അറിയാമായിരുന്നു. കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ താന്‍ സ്‌ക്രൂ മുറുക്കി വരികയാണെന്നും മോദി പറഞ്ഞു. അലിഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യമെങ്ങും വികസനമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് ജനത മാറ്റം ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് ബിജെപിയുടെ പോരാട്ടം. കോടികള്‍ കരണ്ടു തിന്നുന്ന ചുണ്ടെലികളില്‍ നിന്നും പൊതുജനത്തെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ആധാര്‍, ജന്‍ ധന്‍ പദ്ധതികള്‍ കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

യു.പി യില്‍ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. തന്നെ ഏറെ സ്നേഹിച്ചവരാണ് യു.പിക്കാര്‍. അവര്‍ക്ക് കുറച്ചെങ്കിലും തനിക്ക് തിരിച്ച് കൊടുക്കണം. യു.പിക്കാര്‍ക്ക് വെള്ളം, റോഡ്, വൈദ്യുതി എന്നിവ ഉറപ്പിക്കുകയാണ് തന്റെ ലക്ഷ്യം. വികസനം എന്നാല്‍ താന്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉറപ്പാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് നിര്‍മ്മാണത്തിന് പേരുകേട്ട ഇടമാണ് അലിഗഡ്.എന്നാല്‍ ഇവിടത്തെ ലോക്ക് ഫാക്ടറികളെല്ലാം ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു. അഖിലേഷ് സര്‍ക്കാര്‍ ആവശ്യത്തിന് വൈദ്യുതി നല്‍കാത്തതാണ് ഇതിനു കാരണമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. തൊഴിലിന്റെ പേര് പറഞ്ഞ് യുവാക്കള്‍ കൊള്ളയടിക്കപ്പെട്ടു. അധികാരത്തില്‍ കയറിയ ഉടന്‍ തേഡ്/ഫോര്‍ത്ത് ക്ലാസ് സര്‍ക്കാര്‍ തൊഴിലുകള്‍ക്കുള്ള അഭിമുഖം എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഉത്തര്‍പ്രദേശിലെ അഖിലേഷ് സര്‍ക്കാര്‍ വികസന വിരുദ്ധരാണ്. സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തണമെങ്കില്‍ ഗുണ്ടകളെ സംരക്ഷിക്കുന്ന മന്ത്രിമാരെ പുറത്താക്കണമെന്നും മോദി ആവശ്യപ്പെട്ടു.ഗുണ്ടകളായ രാഷ്ട്രീയക്കാരെ സ്ഥാനത്ത് നിന്നും പുറത്താക്കണം. ഇത്തരക്കാരെ ഒരിക്കല്‍ പുറത്താക്കിയാല്‍ സ്ത്രീ സുരക്ഷ സ്വാഭാവികമായി ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.