13 വര്‍ഷം തീവ്രവാദിയെന്നാരോപിച്ച് തടങ്കലില്‍, ഇപ്പോള്‍ കുറ്റവിമുക്തനായി; കണ്ണിനീരോടെ ഹനീഫയും കുടുംബവും ചോദിക്കുന്നു, നീതിയാണോ ജയിച്ചത്?

single-img
5 February 2017

അഹമ്മദാബാദ്: 13 വര്‍ഷം ഒറ്റപ്പെട്ടു കണ്ണീരൊക്കെയേറ്റു വാങ്ങി ജീവിച്ചു..ഹനീഫ്, ഇനിയൊരിക്കലും തിരിച്ച് നല്‍കാനാകില്ല നഷ്ടപ്പെട്ട ആ ദിനങ്ങള്‍. ഇനി ഈ മനുഷ്യന് നീതി കിട്ടിയിട്ടെന്ത് കാര്യം. തടങ്കലില്‍ അടക്കപ്പെട്ട ഹനീഫിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടപ്പോഴെക്കും തടവറയില്‍ ഹനീഫും സമൂഹത്തില്‍ കുടുംബവും ജീവിതത്തിന്റെ നല്ലൊരു കാലമാണ് തീവ്രവാദിയെന്ന മുദ്രയുമായ് ജീവിക്കേണ്ടി വന്നത്.

ബാഗ് നിര്‍മ്മാണ യൂണിറ്റില്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ നിര്‍മ്മിച്ചു എന്നാരോപിച്ചായിരുന്നു ഹനീഫിനെ പൊലീസ് അറസ്റ്റു ചെയതത്. 13 വര്‍ഷം ജയിലടക്കപ്പെട്ട ഹനീഫ് കുറ്റക്കാരനല്ലെന്ന് കണ്ട് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. 2003 ല്‍ ആയിരുന്നു സംഭവം.

ഡാരിയാപുറില്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് നടത്തി വന്നിരുന്ന കുടുംബത്തെയാകെ ഇരുട്ടിലാക്കിയിരു്ന്നു ഈ പൊലീസ് നടപടി.

തീവ്രവാദി കുടുംബം എന്ന പോലെയായിരുന്നു സമൂഹം ഇവരോട് പെരുമാറിയത്. മറ്റു വീട്ടുകാര്‍ ആരും ഇവരോട് മിണ്ടാന്‍ തയ്യാറായിരുന്നില്ല. ഹനീഫ് നിയമത്തിനു മുന്നില്‍ കുറ്റവിമുക്തനാകുമ്പോഴേക്കും അമ്മയും ഭാര്യയും മരിക്കുകയും ചെയ്തു.

‘2003 വരെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വ്യവസായമായിരുന്നു ബാഗ് നിര്‍മ്മാണ യൂണിറ്റ്. 30 സ്ത്രീകളാണ് ജോലിക്കാരായി ഇവിടെയുണ്ടായിരുന്നത്. ഭീകരവാദക്കുറ്റമാരോപിച്ച് ഹനീഫിനെ പൊലീസ് അറസ്റ്റു ചെയ്തതോടെ എല്ലാം അവസാനിക്കുകയായിരുന്നു. ബിസിനസ് തകര്‍ന്നു..എല്ലാവരും തങ്ങളെ തീവ്രവാദികളായി കാണാന്‍ തുടങ്ങിയെന്നും ഹനീഫിന്റെ സഹോദരന്‍ യാസിന്‍ പറയുന്നു.

‘ഹനീഫിന്റെ മൂത്ത മകള്‍ക്ക് 12 വയസ്സുള്ളപ്പോഴാണ് അവനെ അറസ്റ്റ് ചെയ്യുന്നത് ഇന്നവള്‍ക്ക് 26 വയസ്സായി. അവള്‍ക്ക് ചേര്‍ന്ന ഒരാളെ അന്വേഷിക്കുകയാണ് നമ്മള്‍. പക്ഷേ ഈ കേസ് ഉണ്ടായത് കൊണ്ട് ഒന്നും ശരിയാകുന്നില്ലെന്നും യാസിന്‍ പറയുന്നു.

പതിമൂന്ന് വര്‍ഷക്കാലമാണ് തീവ്രവാദികള്‍ എന്ന പേരുമായ് ഞങ്ങള്‍ ജീവിച്ചത്…ഏത് തരത്തിലുള്ള നീതിയാണ് ഇപ്പോള്‍ ലഭിച്ചതെന്നും യാസിന്‍ ചോദിക്കുന്നു.

കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് അഹമ്മദാബാദിലെ സബര്‍മതി ജയിലില്‍ നിന്നും ഹനീഫും, ഹബീബ് ഹവായും ഇന്നലെ ജയില്‍ മോചിതാനായി. കേസില്‍ വിത്യസ്ത ഉത്തരവുകളിലൂടെ അനസ് മാചിസ്വാലയും കാലിസ് അഹമ്മദും എന്നിവരും ജയില്‍ മോചിതരായിട്ടുണ്ട്.

13വര്‍ഷത്തെ തടവ് ശിക്ഷാകാലയളവായ് പരിഗണിച്ചാണ് ഇരുവരെയും മോചിതരാക്കിയത്. ജയില്‍ മോചിതനായെത്തുന്ന ഹബീബ് ഹവായ്ക്ക് സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് ഹവാ കുടുംബം.

തങ്ങളുടെ കുടുംബത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കേസെന്ന് ഹബീബിന്റെ സഹോദരന്‍ മോയിന്‍ പറഞ്ഞു. ഇലക്ട്രീഷ്യന്‍മാരായി ജോലിചെയ്ത് വന്നിരുന്ന തങ്ങള്‍ക്ക് പിനീട് ജോലി തുടരാനായില്ലെന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായതെന്നു അദ്ദേഹവും പറഞ്ഞു.