ലോകത്തിലെ എട്ട് മികച്ച ചിത്രങ്ങളില്‍ ഒന്ന് സനല്‍കുമാര്‍ ശശിധരന്റെ ‘സെക്‌സി ദുര്‍ഗ’, റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരവും ചിത്രത്തിന്

single-img
4 February 2017

ലോകത്തിലെ എട്ട് മികച്ച ചിത്രങ്ങളില്‍ നിന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയ്ക്ക് റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ പുരസ്‌കാരം. 40,000 യൂറോ(ഏകദേശം 29 ലക്ഷം രൂപ)യും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സിനിമ രംഗത്തെ പ്രതിഭകളെ കണ്ടെത്താന്‍ 1995ലാണ് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറയെയും അഭിനേതാക്കളെയും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഉദ്വേഗജനകമായ മുഹൂര്‍ത്തുങ്ങള്‍ സൃഷ്ടിച്ച് കാഴ്ചക്കാരെ തുടര്‍ച്ചയായി സംഘര്‍ഷത്തിലാക്കാന്‍ ചിത്രത്തിന് സാധിച്ചതായി ജൂറി വിലയിരുത്തി. ലിംഗം, വര്‍ഗ്ഗം, അധികാരം എന്നിവയുടെ വിവിധങ്ങളായ തട്ടുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തല്‍.

മിഖായേല്‍ അല്‍മെരേയ്ദ, ഡയാന ബസ്റ്റമന്റെ എസ്‌കൊബാര്‍, അമിര്‍ മുഹമ്മദ്, ഫിയന്‍ ട്രോച്ച്, ന്യൂഷാ ടവകോലിയാന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ബാരി ജെങ്കിന്‍സിന്റെ മൂണ്‍ലൈറ്റ് ഓഡിയന്‍സ് അവാര്‍ഡ് നേടി. റോട്ടര്‍ഡാമില്‍ ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഏറ്റവും വലിയ പുരസ്‌കാരം നേടുന്നത്.

ഒഴിവുദിവസത്തെ കളിക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സെക്‌സി ദുര്‍ഗ. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സെക്‌സി ദുര്‍ഗയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്വതന്ത്ര മലയാള സിനിമയ്ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.