അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം, ജനവിധി തേടി പഞ്ചാബും ഗോവയും

single-img
4 February 2017

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു.പഞ്ചാബിലെ 117 ഉം ഗോവയിലെ 40 ഉം മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 1.05 കോടി വോട്ടര്‍മാരും ഗോവയില്‍ 11.10 ലക്ഷം വോട്ടര്‍മാരുമാണുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണവിരുദ്ധ വികാരം ഉപയോഗപെടുത്തി പഞ്ചാബില്‍ കൂടുതല്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികള്‍ കരുതുന്നത്. എന്നാല്‍ ഗോവയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഭൂരിഭാഗം സര്‍വ്വേകളും പറയുന്നു. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. റെക്കോഡ് സ്ഥാനാര്‍ഥികളാണ് ഇത്തവണ പഞ്ചാബില്‍ മത്സരിക്കുന്നത് 1145 പേര്‍.

ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ബിജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊപ്പം ആം ആദ്മി കൂടി ചേരുന്നതോടെ പഞ്ചാബില്‍ കടുത്ത മത്സരമാകും നടക്കുക. സംസ്ഥാനത്ത കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും എഎപി സാന്നിധ്യം പ്രവചനങ്ങള്‍ക്ക് അതീതമായ സാഹചര്യമാണ് ഉണ്ടാക്കിയിരുന്നത്.

ശിരോമണി അകാലിദള്‍56, ബിജെപി12, കോണ്‍ഗ്രസ്56 എന്നിങ്ങനെയാണ് പഞ്ചാബിലെ മുഖ്യ രാഷ്ട്രീയ കക്ഷികള്‍. ഗോവയില്‍ 40 മണ്ഡലങ്ങളിലായി 250 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ഗോവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ദേശീയ തലത്തിലെ സഖ്യകക്ഷിയായ ശിവസേന എതിരാളികളായെത്തുന്നു എന്നതാണ് ഗോവയില്‍ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ സുരക്ഷാ മഞ്ച് എന്നീ പാര്‍ട്ടികള്‍ക്കൊപ്പമാണ് ശിവസേന സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ആര്‍എസ്എസില്‍ നിന്നും പുറത്തുപോയ പ്രമുഖ നേതാവ് സുഭാഷ് വെലിങ്കറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ഗോവ സുരക്ഷാ മഞ്ച്. ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ രാഷ്ട്രീയ പാര്‍ട്ടിയാണ് ഗോവ സുരക്ഷാ മഞ്ച്.

കോണ്‍ഗ്രസില്‍ നിന്നുള്ള കടുത്ത വെല്ലുവിളിക്ക് പുറമെ സഖ്യകക്ഷിയായിരുന്ന എംജിപിയും ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ബദല്‍ മുന്നണി രൂപീകരിച്ചതും ബിജെപിക്ക് തലവേദനയാകും. 35 ശതമാനം വോട്ടും 21 സീറ്റുകളുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ബിജെപിക്ക് ലഭിച്ചത്. 31 ശതമാനം വോട്ടുകള്‍ നേടിയെങ്കിലും ഒമ്പത് സീറ്റേ കോണ്‍ഗ്രസിന് നേടാനായുള്ളൂ. എംജിപി3, ഗോവ വികാസ് പാര്‍ട്ടി2, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് ഗോവന്‍ നിയമസഭയിലെ നിലവിലെ കക്ഷിനില.