സഹപാഠിയെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി രാജകുമാരി ഹോളി ക്യൂന്‍സ് യുപി സ്‌കൂളിലെ കൂട്ടുകാര്‍

single-img
4 February 2017

 

 


രാജാക്കാട്: സഹപാഠിക്ക് ചികിത്സാസഹായം നല്‍കി ഹോളി ക്യൂന്‍സ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃകയായി. ഗുരുതരമായ വൃക്ക തകരാറു മൂലം വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ അനിവാര്യമായി വന്ന ഐറിന്‍ ടോമിക്കാണ് ശാസ്ത്രക്രിയക്കാവശ്യമായ തുകയുമായി വിദ്യാര്‍ത്ഥികള്‍ എത്തിയത്.

ആലുവയിലെ രാജഗിരി ആശുപത്രിയില്‍ വിജയകരമായി വൃക്ക മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ പൂര്‍ത്തിയാക്കിയ ഐറിനു ശക്തമായ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രിലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നല്‍കിയ ചികിത്സയിലൂടെ ഐറിന്റെ ചികിത്സമെച്ചപ്പെടുകയും റൂമിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും വൃക്ക മാറ്റി വെക്കല്‍ മാത്രമാണ് ശാശ്വതപരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

കൃഷിയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തി വന്ന ഐറിന്റെ കുടുംബത്തിന് ഭീമമായ തുക കണ്ടെത്തുക എന്നത് തീര്‍ത്തും അസാദ്ധ്യമായിരുന്നു. ഇതിനിടയിലാണ് ഐറിന്റെ രോഗവിവരവും, സാമ്പത്തിക ബുദ്ധിമുട്ടും അറിഞ്ഞ ഹോളി ക്യൂന്‍സ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പണം സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പ്രധാന അദ്ധ്യാപികയായ ലിജി ടീച്ചറുടെ പിന്തുണ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി മാറി.

പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ ലഭിച്ചതോടെ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ സാദ്ധ്യമാകുമെന്ന പ്രതീക്ഷയും ഐറിന്റെ കുടുംബത്തിന് ലഭിച്ചു. ഐറിന്റെ അമ്മയുടെ വൃക്ക തന്നെ ദാനം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഐറിന്റെ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാറും ഐറിനെ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ കളമശ്ശേരിയിലെ രാജഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷം രൂപയും സമാഹരിച്ചു. രാജകുമാരി ദേവമാതാ ഇടവക അംഗങ്ങളും, നാട്ടുകാരും രാജഗിരി ആശുപത്രി ജീവനക്കാരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ പഠനത്തില്‍ എന്നും മുന്നിലുള്ള ഐറിന്റെ ശാസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി.

രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക്ക് യൂറോളജി വിഭാഗം ഡോ.സഞ്ജയ് ഭട്ട്, ഡോ.ബാലഗോപാലന്‍ നായര്‍, ഡോ.സന്ദീപ് ആര്‍, നെഫ്രോളജി വിഭാഗം ഡോ.ജോസ് തോമസ്സ്, അനസ്‌തേഷ്യവിഭാഗം ഡോ.ആനി തോമസ്സ്, പീഡിയാട്രിക്ക് ഇന്റന്‍സീവ് വിഭാഗം ഡോ.ബിബിന്‍ ജോസ്, എന്നിവരാണ് ഐറിന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ആരോഗ്യനില തൃപ്തികരമായതോടെ ഐറിന്‍ ആശുപത്രി വിടുകയും ചെയ്തു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങായ സഹപാഠികളെ കാണാന്‍ കാത്തിരിക്കുകയാണ് ഈ പന്ത്രണ്ടുകാരി