തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചന; നാളെ എംഎല്‍എമാരുടെ അടിയന്തരയോഗം

single-img
4 February 2017

 

 


ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തിനുശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ അവരുടെ തോഴി വി.കെ. ശശികല തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനംകൂടി ഏറ്റെടുത്തേക്കുമെന്ന് സൂചന. നാളെ നടക്കുന്ന എംഎല്‍എമാരുടെ അടിയന്തരയോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

ഒ. പനീര്‍ശെല്‍വത്തിന്റെ പക്കല്‍നിന്ന് തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം ശശികല ഏറ്റെടുത്തേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം എട്ടിനോ ഒമ്പതിനോ ശശികല മുഖ്യമന്ത്രി ആകുമെന്നാണ് സൂചന.

ജയലളിതയുടെ അടുത്ത സുഹൃത്തും ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണന്‍ ഇന്നലെ രാജിവച്ചത് ഇതിനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറില്‍ ജയലളിത ആശുപത്രിയില്‍ ആയതു മുതല്‍ തിരുവനന്തപുരം സ്വദേശിയായ ഷീല ബാലകൃഷ്ണന്റെ കൈകളിലായിരുന്നു തമിഴ്നാടിന്റെ നിയന്ത്രണം. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന സൂചന ശക്തമായതോടെയാണ് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സര്‍ക്കാര്‍ ഉപദേഷക സ്ഥാനമൊഴിഞ്ഞ് ഷീല ബാലകൃഷ്ണന്‍ പുറത്തേക്ക് നീങ്ങിയത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.

ഷീലക്കൊപ്പം ജയയുടെ വിശ്വസ്തരായിരുന്ന കെഎന്‍ വെങ്കട്ടരാമനും, എ രാമലിംഗവും സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി. പുറത്താക്കുന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടുകയും ചെയ്തു.മുന്‍മന്ത്രിയായിരുന്ന കെ.എ. സെങ്കോട്ടിയനെയും മുന്‍ മേയര്‍ സൈദായി എസ്. ദുരൈസ്വാമിയെയും പാര്‍ട്ടി ഓര്‍ഗനൈസേഷന്‍ സെക്രട്ടറിമാരായി വെള്ളിയാഴ്ച ശശികല നിയമിച്ചിരുന്നു. യൂത്ത് വിംഗ് സെക്രട്ടറി സ്ഥാനത്തുനിന്ന് വി. അലക്സാണ്ടര്‍ എംഎല്‍എയും അവര്‍ മാറ്റിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ തന്റെ അപ്രമാദിത്യം ഉറപ്പിക്കാനാണ് ശശികല ഈ നീക്കങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍