കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കാശ്മീരില്‍ ജവാന്‍ അമ്മയുടെ മൃതദേഹവുമായി താണ്ടിയത് 50 കിലോമീറ്റര്‍

single-img
3 February 2017


ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കാശ്മീരില്‍ സൈനികന്‍ അമ്മയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് 50 കിലോമീറ്ററുകളോളം. ജമ്മു കാശ്മീരിലെ കുപ്വാരാ ജില്ലയിലാണ് സംഭവം. അമ്മയുടെ മൃതദേഹം വാഹനത്തില്‍ നാട്ടിലെത്തിക്കാന്‍ പട്ടാളക്കാരന്‍ നാല് ദിവസത്തോളം കാത്തിരുന്നു. എന്നാല്‍ ശക്തമായ മഞ്ഞു വീഴ്ചയില്‍ ആ കാത്തിരിപ്പ് വിഫലമായി.

സര്‍ക്കാര്‍ സഹായം ലഭിക്കാതെ വന്നതോടെയും കൊടും ശൈത്യമുള്ള നാല് ദിവസം കൊണ്ട് മൃതദേഹം വികൃതാവസ്ഥയിലാക്കിയതിനെ തുടര്‍ന്നുമാണ് അപകടം പിടിച്ച പാതയിലുടെ മുഹമ്മദ് അബ്ബാസ് എന്ന സൈനികനും കുടുംബവും കാല്‍നടയായി പത്തു മണിക്കൂര്‍ നീണ്ട യാത്ര ചെയ്തത്.

അമ്മ സക്കീന ബീഗം അബ്ബാസിനോടൊപ്പമാണ് താമസം. 5 ദിവസം മുമ്പാണ് സക്കീന മരിച്ചത്. ആറടിയില്‍ മഞ്ഞ് മൂടിയതിനാല്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്ര അസാധ്യമായിരുന്നു. കശ്മീരിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ ഹെലികോപ്ടര്‍ സൗകര്യം ചെയ്തു കൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അത് നടപ്പിലായില്ലെന്ന് അബ്ബാസ് പരാതിപ്പെടുന്നു.

ഈ സംഭവം എന്നെ അപമാനിതനാക്കുന്നുവെന്ന് അബ്ബാസ് പറയുന്നു. സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ച് നാല് ദിവസം കാത്തിരുന്നു. കുപ്വാരയിലെ അധികൃതര്‍ തങ്ങളുടെ ഫോണ്‍ സ്വീകരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. കഴിഞ്ഞ നാല് ദിവസവും സൈന്യമാണ് തങ്ങള്‍ക്ക് ഭക്ഷണവും താമസവും നല്‍കിയതെന്നും സൈനികന്‍ പറയുന്നു.

അതേസമയം, സൈനികന്റെ അമ്മയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു വേണ്ടി ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും മോശം കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ പറത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കുടുംബം തന്നെ സൗകര്യം നിരസിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കാശ്മീരിലെ കനത്ത മഞ്ഞുവീഴ്ച്ചയില്‍ 20 സൈനികരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടത്.