സ്‌കൂള്‍ കുട്ടികള്‍ സുരക്ഷിതരോ? നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 25 സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

single-img
3 February 2017


കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മര്‍ പിടിയില്‍. കോട്ടയം, എറണാകുളം. ഇടുക്കി എന്നീ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ നിന്നും 25 സ്‌കൂള്‍ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ നടന്ന പൊലീസ് പരിശോധനയിലായിരുന്നു ഡ്രൈവര്‍മാര്‍ പിടിയിലായത്.

സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ മദ്യപാനം വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തലാണ് പൊലീസിന്റെ നടപടി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി വിജയന്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു സ്‌കൂളിലും വാഹനമോടിക്കാന്‍ അനുവാദം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും.

പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയേക്കുമെന്നും പോലീസ് പറഞ്ഞു. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച സ്‌കൂള്‍ ബസ്സുകളില്‍ മാത്രം നടത്തിയ പരിശോധനയില്‍ 25 സ്‌കൂള്‍ബസ് ഡ്രൈവര്‍മാരും കുടുങ്ങിയത്.

സ്‌കൂള്‍ ബസുകളിലെ ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടെന്നും കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഐ.ജി പി വിജയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത്തരം ഡ്രൈവര്‍മാരെ വാഹനങ്ങള്‍ ഏല്‍പ്പിക്കാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ജാഗ്രത പാലിക്കണം. ഇത്തരം സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.