ഉത്തര്‍പ്രദേശില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്പറും വില്‍പ്പനക്ക്; സൗന്ദര്യത്തിനനുസരിച്ച് 50 മുതല്‍ 500 രൂപവരെയാണ് നമ്പറുകള്‍ക്ക് വില

single-img
3 February 2017


ലക്‌നൗ: രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പല അതിക്രമങ്ങളിലൂടെയും മനസിലായതാണ്. അത്തരത്തില്‍ പുതിയ ഒരു വാര്‍ത്ത കൂടി വന്നിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ മൊബൈല്‍ റീച്ചാര്‍ജിംഗ് ഷോപ്പുകളില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പന നടത്തുന്നതായിട്ടാണ് പോലീസ് പറയുന്നത്. മൊബൈല്‍ റിച്ചാര്‍ജ് ചെയ്യാനായി സ്ത്രീകള്‍ നല്‍കുന്ന നമ്പറുകള്‍ സൂക്ഷിച്ച് വച്ചാണ് വില്‍പന നടത്തി വരുന്നത്.

സ്ത്രീകളുടെ സൗന്ദര്യത്തിനനുസരിച്ച് 50 മുതല്‍ 500 രൂപവരെയാണ് നമ്പറുകള്‍ക്ക് വിലയെന്നും പോലീസ് പറഞ്ഞു. നമ്പര്‍ സ്വന്തമാക്കിയ ശേഷം സൗഹൃദത്തിന് താല്‍പര്യമുണ്ടെന്നറിയിച്ച് സന്ദേശമയക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യും. പിന്നീട് ഇതിനോട് പ്രതികരിച്ചാലും ഇല്ലെങ്കിലും വാട്‌സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ അയക്കുകയും നേരിട്ട് വിളിച്ച് ലൈംഗീക ചുവയോടെ സംസാരിക്കുകയോ ചെയ്യും.

ഇത്തരത്തിലുള്ള നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്. ഫോണ്‍ വഴി ശല്യം ചെയ്യുന്നതായുള്ള പരാതികള്‍ വന്‍ തോതില്‍ വര്‍ധിച്ചതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 1090 എന്ന നമ്പറില്‍ ഹെല്‍പ് ലൈന്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നത്.

യു.പിയില്‍ കഴിഞ്ഞ വര്‍ഷം സത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതിന്റെ 90 ശതമാനവും ഫോണ്‍ വഴിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആകെ രജിസ്റ്റര്‍ ചെയ്ത 6.61 ലക്ഷം കേസുകളില്‍ 5.82 ലക്ഷം കേസുകളാണ് ഫോണ്‍ വഴി ശല്യം ചെയ്തതതായി രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ആ നമ്പറിലേക്ക് ഹെല്‍പ് ലൈന്‍ സെന്ററില്‍ നിന്ന് വിളിച്ച് മുന്നറിയിപ്പു നല്‍കും. മുന്നറിയിപ്പ് ലഭിക്കുന്നതോടെ മിക്ക ആളുകളും മൊബൈല്‍ ആക്രമണം നിര്‍ത്തുന്നതായി ഹെല്‍പ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന പ്രതാപ് യാദവ് പറയുന്നു.