തൊഴിലാളികള്‍ക്കായ് നിലകൊണ്ട പ്രസ്ഥാനമല്ലേ സഖാക്കളേ കമ്മ്യൂണിസം; കൊല്ലത്ത് നോക്കുകൂലി നല്‍കാത്തതിന് തെരുവ് കച്ചവടക്കാരോട് സിഐടിയുവിന്റെ ഗുണ്ടായിസം

single-img
3 February 2017

 

 

കൊല്ലം:കൊല്ലത്താണ് ചൂല് വില്‍ക്കാന്‍ എത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ ഒരു വിഭാഗം സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ചൂല് കടത്തിക്കൊണ്ടു പോയി. ആന്ധ്രയില്‍ നിന്നെത്തിയ പതിനഞ്ച് പേരടങ്ങിയ തെരുവു കച്ചവട സംഘമാണ് ഈ നോക്കുകൂലി സംവിധാനത്തിന്റെ ഇരകളായത്. നോക്കുകൂലി നല്‍കാത്തതിന് തെരുവ് കച്ചവടക്കാരുടെ ചൂല് കെട്ടോടെ കൊണ്ട് പോകുകയായിരുന്നു.

വില്‍പ്പനക്കായി കൊല്ലത്തെത്തിച്ച ചൂലുകളാണ് സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. തെരുവുസംഘം ചൂലുമായി എത്തിയപ്പോള്‍ ഇറക്കുകൂലിയായി മൂവായിരത്തോളം രൂപയാണ് ചോദിച്ചത്. തങ്ങളുടെ പക്കല്‍ ഇത്രയും തുകയില്ലെന്നും 300, 400 രൂപ നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇതിന് വഴങ്ങാതെ മൂന്ന് ബൈക്കിലെത്തിയവര്‍ ബലം പ്രയോഗിച്ച വില്‍ക്കാന്‍ കൊണ്ടുവന്ന ചൂല് എടുത്തു കൊണ്ട് പോകുകയായിരുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ പൊലീസ് സ്റ്റേഷനിലുമെത്തി.
ഇവിടുത്തെ നോക്കു കൂലി സമ്പ്രദായത്തെ കുറിച്ചൊന്നും ഈ തെരുവുകച്ചവടക്കാര്‍ക്ക് അറിവില്ലായിരുന്നു. സിഐടിയു പ്രവര്‍ത്തകരാണ് ചൂലുമായി കടന്നുകളഞ്ഞത്. ഈ ചൂല് യൂണിയന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇറക്കുകൂലി നല്‍കാത്തതു കൊണ്ടാണ് തര്‍ക്കമുണ്ടായതെന്ന് സിഐടിയുക്കാരും പറഞ്ഞു. എന്തായാലും സംഭവം വാര്‍ത്തയായതോടെ നാണക്കേടിന്റെ പടുകുഴിയിലാണ് തൊഴിലാളി സംഘടന.