കോണ്‍ഗ്രസ്സിലെയും സമാജ് വാദി പാര്‍ട്ടിയിലെയും രാജകുമാരന്മാര്‍ ഉത്തര്‍പ്രദേശിനെ നശിപ്പിക്കുമെന്ന് അമിത്ഷാ

single-img
3 February 2017

 


യുപിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് അഖിലേഷ് യാദവിന്റെയും രാഹുല്‍ ഗാന്ധിയുടെയും സഖ്യത്തെ കടന്നാക്രമിച്ച് ബിജെപിയുടെ പ്രചാരണം. ഇരുവരെയും രാജകുമാരന്മാര്‍ എന്ന് വിശേഷിപ്പിച്ചാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉത്തര്‍പ്രദേശിലെ റോഡ് ഷോ തുടങ്ങിയത്.

കോണ്‍ഗ്രസിലെയും സമാജ് വാദി പാര്‍ട്ടിയിലെയും രാജകുമാരന്മാര്‍ ഉത്തര്‍പ്രദേശിനെയും രാജ്യത്തെയും ശിഥിലമാക്കും. സംസ്ഥാനത്ത് ക്രമസമാധനം തകര്‍ന്നതിന് മുഖ്യമന്ത്രി അഖിലേഷ് യാദവും അദ്ദേഹത്തിന്റെ പുതിയ ചങ്ങാതിയും ഉത്തരം പറയണം. ഈ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇരുവര്‍ക്കുമാകില്ല. ഇരുവരും രാജ്യത്തെ കൊള്ളയടിച്ചവരാണ്. ഇനി രാജ്യത്തെ ശിഥിലമാക്കാന്‍ കൂടി ശ്രമിക്കുന്നു അമിത് ഷാ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജയത്തിന്റെ തുടര്‍ച്ചയായി ഉത്തര്‍പ്രദേശ് തൂത്തുവാരാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അവസാനിമിഷം തെരഞ്ഞെടുപ്പ ധാരണയിലെത്തിയതോടെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ചിത്രം ഏറെ മാറി. എസ്പികോണ്‍ഗ്രസ് സഖ്യം പലയിടത്തും പ്രതീക്ഷയില്‍ കവിഞ്ഞ പ്രതികരണം സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎസ്പിക്കും മായവതിക്കുമെതിരെയും അമിത്ഷാ രാഷ്ട്രീയാക്രമണം നടത്തി. സംസ്ഥാനത്ത് എസ്പിയും ബിഎസ്പിയും മാറിമാറി ഭരിക്കുകയെന്ന സ്ഥിതിക്ക് മാറ്റം വരുത്തുമെന്ന് അമിത്ഷാ പറഞ്ഞു. 15 വര്‍ഷമായി ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിന് പുറത്താണ്.