ഇനിയൊരു രസീല ഉണ്ടാവരുത്..സ്ത്രീ സുരക്ഷയ്ക്കായ് ലോകമൊരുങ്ങണം ഇന്‍ഫോസിസ് ജീവനക്കാരി രസീല യുടെ കൊലപാതകം ടെക്നോപാര്‍ക്കില്‍ പ്രതിഷേധം

single-img
3 February 2017

 

 

 

പുണെയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മലയാളി യുവതി രസീലയുടെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ പ്രതിഷേധ ജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലും നടത്തി.ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ആണ് ടെക്‌നോപാര്‍ക്കില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പ്ലകാര്‍ഡുകളും പോസ്റ്ററുകളും കയ്യിലേന്തി ഇരുന്നൂറിലധികം ടെക്കികള്‍ പ്രതിഷേധ മൗന ജാഥയില്‍ പങ്കെടുത്തു.പാര്‍ക്ക് സെന്ററിനടുത്തെ ആംഫി തീയേറ്ററില്‍ നിന്നും ആരംഭിച്ച ജാഥ, ഭവാനി – തേജസ്വിനി – ടി സി എസ് – നിള – ഫയര്‍ സ്റ്റെഷന്‍ – ആംസ്റ്റര്‍ – ഗായത്രി – നെയ്യാര്‍ – പദ്മനാഭം ബില്‍ഡിംഗ് കളിലൂടെ ടെക്നോപാര്‍ക്ക് ഫ്രണ്ട് ഗേറ്റ് – ബൈപാസ് റോഡിലും കുറച്ചു ദൂരം പോയതിനു ശേഷമാണു ടെക്‌നോപാര്‍ക്കിനു മുന്നില്‍ സമാപിച്ചത്. രണ്ടു കിലോമീറ്ററിലധികം ജാഥ സഞ്ചരിച്ചു. ‘ആദ്യം വേണ്ടത് സുരക്ഷയാണ്- ഇനിയൊരു രസീല ഉണ്ടാകരുത് ‘ ( Safety is Primary – ‘No more Raseela in IT Industry’ ) എന്ന ബാനറുമായിയാണ് ജീവനക്കാര്‍ പങ്കെടുത്തത്.

ടെക്നോപാര്‍ക്കിന്റെ പ്രധാന കവാടത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളെയും തടയുവാന്‍ പ്രതിജ്ഞയെടുക്കുകയും പ്രതീകാത്മകമായി മെഴുകു തിരികള്‍ കത്തിച്ചൂ വെയ്ക്കുകയും ചെയ്ത് തങ്ങളുടെ പ്രതിഷേധം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ രേഖപ്പെടുത്തി.രസീല യുടെ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണെന്നും അത് പൂനെയില്‍ മാത്രമല്ല ഏതു ഐ ടി കമ്പനിയില്‍ വേണമോ സംഭവിക്കാവുന്ന കാര്യമാണെന്നും ജാഥയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജീവനക്കാരുടെ സുരക്ഷയ്ക്ക് താഴെ പറയുന്ന അഞ്ചു കാര്യങ്ങള്‍ എല്ലാ ഐ ടി കമ്പനിക ളും കര്‍ശനമായി നടപ്പാക്കണമെന്ന് ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ആവശ്യപ്പെട്ടു.

1.അക്രമങ്ങളും പീഡനങ്ങളും ഒഴിവാവാക്കുന്നതിനായി എല്ലാ കമ്പനികളും എല്ലാ തരത്തിലുള്ള ജീവനക്കാരുടെയും ബാക് ഗ്രൗണ്ട് വെരിഫിക്കേഷന് കമ്പനികളുടെ മേല്‍ നോട്ടത്തില്‍ നടത്തുക.
2.സ്ത്രീ ജീവനക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി വുമണ്‍ കംപ്ലൈന്റ് സെല്‍ എല്ലാ കമ്പനികളിലും ആരംഭിക്കുക, അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഓഡിറ്റ് ചെയ്യുക.
3.സാധാരണ ജോലി സമയത്തിനു കൂടുതല്‍ നേരം ജോലി ചെയ്യുന്ന ജീവക്കാരുടെ കൂടെ അവരുടെ മേലുദ്യോഗസ്ഥര്‍ പ്രൊജക്റ്റ് മാനേജരോ HR മാനേജരുടെയോ സാന്നിധ്യം ഉറപ്പു വരുത്തുക,
4.വൈകി വീട്ടിലേക്കു പോകുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വം കമ്പനികള്‍ ഉറപ്പുവരുത്തുക.
5.ഗവണ്‍മെന്റ് ഐ ടി കമ്പനികളിലെ ജീവനക്കാരുടെ സുരക്ഷയെ പറ്റി പഠിച്ചു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.

 

 

ഇന്‍ഫോസിസ് ജീവനക്കാരിയായ രസീല രാജുവിനെ ഓഫീസിനുള്ളിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കംപ്യൂട്ടര്‍ കേബിള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രസീലയെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശി ബാബെന്‍ സൈക്യയെയാണ് നാട്ടിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഹിന്‍ജവാദിയിലെ രാജീവ്ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലെ ജീവനക്കാരിയായിരുന്നു രസീല.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിധ്വനി വനിതാ ഫോറം സെക്രട്ടറി മാഗി വൈ വി പ്രതിഷേധത്തിന്റെ സാഹചര്യം വിശദീകരിച്ചു. പ്രതിജ്ഞ പ്രതിധ്വനി വനിതാ ഫോറം പ്രസിഡന്റ് സുജിത് ജസ്റ്റി ചൊല്ലിക്കൊടുത്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍, ട്രഷറര്‍ റെനീഷ് എ ആര്‍ , വിനീത് ചന്ദ്രന്‍ , വിനു പി വി , അജിത് അനിരുദ്ധന്‍, ബിമല്‍ രാജ് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.