ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കില്ലെന്ന് ലക്ഷ്മി നായർ;പാചകം ചെയ്തല്ല ഡോക്ടറേറ്റ് നേടിയത്

single-img
2 February 2017

തിരുവനന്തപുരം: ലോ അക്കാഡമിയിലെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ച് വർഷത്തേക്ക് താൻ മാറിനിൽക്കുകയാണെന്നും സ്ഥാനം രാജിവയ്ക്കില്ലെന്നും ലക്ഷ്മി നായർ. അഞ്ച് വർഷത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അധ്യാപക ജോലിയിൽ നിന്നും മാറിനിൽക്കുമെന്നാണ് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിലും ധാരണയായത്. അഞ്ച് വർഷത്തേക്ക് മാറി നിൽക്കാൻ മാനേജ്മെന്‍റും തന്നോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് തന്‍റെ തീരുമാനമെന്നും അവർ പറഞ്ഞു.

എസ്എഫ്‌ഐ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിരുന്നു. ഈ ധാരണകളില്‍ നിന്നും ഇനിയൊരു മാറ്റവും ഉണ്ടാകില്ല. മാനെജ്‌മെന്റുമായി എസ്എഫ്‌ഐ ഉണ്ടാക്കിയ വ്യവസ്ഥകള്‍ തുടരും. തനിക്കെതിരെ ഇപ്പോഴും ക്യാംപസില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിന് പിന്നിലുളള കാരണം വ്യക്തിവൈരാഗ്യമാണ്. ജാതിഅധിക്ഷേപവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പറയുന്നതെല്ലാം അവാസ്തവങ്ങളാണ്. തനിക്കെതിരെ കള്ളപ്പരാതി നല്‍കിയത് എഐഎസ്എഫ് നേതാവാണെന്നും അവര്‍ ആരോപിച്ചു.
പാചകം ചെയ്തല്ല താന്‍ ഡോക്ടറേറ്റ് എടുത്തത്.പാചകം ഒരു കഴിവാണ്. അത് ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. പാചകത്തില്‍ ഒരു കഴിവ് തെളിയിച്ചു എന്നത് ഒരു കുറ്റമാണെങ്കില്‍ അതൊരു കുറ്റമാണ്. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇപ്പോഴുള്ള പ്രതിഷേധത്തിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.