യുഎസ് പ്രസിഡന്റ് ട്രംപ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടേണ്‍ബുള്ളിനെ ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ട്

single-img
2 February 2017


വാഷിങ്ടണ്‍: ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതോടെ വിവാദങ്ങള്‍ പൊങ്ങി വരാന്‍ തുടങ്ങി. കുടിയേറ്റ പ്രശ്‌നങ്ങള്‍ വിവാദമായി നില്‍ക്കുന്ന സഹാചര്യത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ട്.

ഒരു മണിക്കൂര്‍ നിശ്ചയിച്ച സംഭാഷണം 25 മിനുട്ട് കഴിയും മുമ്പ് ട്രംപ് ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഓസ്‌ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കയും ഓസ്‌ട്രേലിയയും ഒപ്പ് വച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കുള്ള നീക്കങ്ങള്‍ ടേണ്‍ബുള്ള് നടത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

താന്‍ ഇന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുതിനടക്കം നാല് രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചിരുന്നുവെന്നും അതില്‍ ഏറ്റവും മോശപ്പെട്ട സംഭാഷണമാണ് ഇതെന്നുമായിരുന്നു ട്രംപ് ടേണ്‍ബുള്ളിനോട് പറഞ്ഞത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഒബാമയുടെ കാലത്ത് നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചിരുന്നു. അതേസമയം ഓസ്‌ട്രേലിയയുമായുള്ള കരാറിനെതിരെ ട്രംപ് വീണ്ടും രംഗത്തെത്തി. കുടിയേറ്റക്കാരെ ഏറ്റെടുക്കുമെന്ന ഒബാമയുടെ കാലത്ത് ഉറപ്പുകൊടുത്തതായി വിശ്വസിക്കുന്നുണ്ടോ എന്നും എന്തിനാണ് ഇത്തരമൊരു നടക്കാത്ത കരാറിനെ കുറിച്ച് താന്‍ പഠിക്കണമെന്നും ട്രംപ് വെള്ളയാഴ്ച ട്വിറ്ററില്‍ കുറിച്ചത്.