ലോ അക്കാദമി വിഷയത്തില്‍ കെ മുരളിധരന്‍ നിരാഹാരസമരം തുടങ്ങി

single-img
2 February 2017

തിരുവനന്തപുരം : ദിവസങ്ങളായി തുടരുന്ന ലോ അക്കാദമി സമരത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഇന്നു മുതല്‍ നിരാഹാരസമരം ആരംഭിക്കും. രാവിലെ 10 മണിയ്ക്കാണ് മുരളീധരന്റെ സമരം ആരംഭിക്കുന്നത്.

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണം, അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് കേസെടുക്കാത്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കെ.മുരളീധരന്റെ നിരാഹാര സമരം.

സ്ഥലം എംഎല്‍എ എന്ന നിലയില്‍ പ്രശ്‌നം വഷളാകുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും, വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ സമരം തുടങ്ങുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. പട്ടം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ യോഗമാണ് സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചത്. ഇതിന് കോണ്‍ഗ്രസ് നേതൃത്വം അംഗീകാരം നല്‍കുകയായിരുന്നു.

അതിനിടെ എട്ടു ദിവസമായി നിരാഹാരസമരത്തിലായിരുന്ന ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.