മകളെയും തോളിലിട്ട് തെരുവില്‍ പേന വില്‍ക്കുന്ന പിതാവിന്റെ ചിത്രം ഒരുപാട് അഭയാര്‍ത്ഥികളുടെ ജീവിതം മാറ്റിയെഴുതി; ലോകം ഹൃദയത്തില്‍ സൂക്ഷിച്ച ഒരു ചിത്രത്തിന്റെ കഥ

single-img
2 February 2017

 

 

 

ബെയ്റൂട്ട്: മകളെ തോളിലിട്ട് കണ്ണീരോടെ തെരുവിലൂടെ പേന വില്‍ക്കുന്ന പിതാവിന്റെ ചിത്രം ലോകത്തിന്റെ ഹൃദയത്തിലുടക്കിയിരുന്നു. ആ ഒരു ചിത്രം സ്വന്തം ജീവിതവും അഭയാര്‍ഥികളായ ഒരുപാടു മനുഷ്യരുടെ ജീവിതവും മാറ്റിയെഴുതിയ കഥയാണ് അബ്ദുല്‍ ഹലീം അല്‍ അത്തര്‍ എന്ന പിതാവിന് പറയാനുള്ളത്. 2015 ല്‍ ആണ് ലെബനനിലെ തെരുവില്‍ കരഞ്ഞു കൊണ്ട് പേന വില്‍ക്കുന്ന ഒരു അച്ഛന്റെയും ഒന്നുമറിയാതെ അച്ഛന്റെ തോളിലുറങ്ങിക്കിടന്ന മകളുടെയും ചിത്രം പുറംലോകം കണ്ടത്.

 

ലെബനനില്‍ ജീവിക്കുന്ന സിറിയന്‍ അഭയാര്‍ഥിയായ പിതാവിന്റെയും മകളുടെയും ആ ഒരു ചിത്രമാണ് അബ്ദുല്‍ ഹലീമിനെപ്പോലയുള്ള ഒരുപാട് അഭയാര്‍ഥികളുടെ ജീവിതം മാറ്റിമറിച്ചത്. ചിത്രം കണ്ട് ഒരുപാടാളുകള്‍ ചേര്‍ന്ന് അദ്ദേഹത്തിനു വേണ്ടി പണം സമാഹരിക്കാന്‍ തുടങ്ങി. 1,28,78,175 രൂപയാണ് ഇദ്ദേഹത്തിന്റെ പേരില്‍ ലഭിച്ചത്. ബാങ്കിലെ നിയമനടപടികളും മറ്റും കഴിഞ്ഞ് ഈ തുകയുടെ 40 ശതമാനം അബ്ദുല്‍ ഹലീമിന് ലഭിക്കുകയും ചെയ്തു.

 

 

പുതിയൊരു ജീവിതം തുടങ്ങിയ അദ്ദേഹം തന്നപ്പോലെ ദുരിതമനുഭവിക്കുന്ന മറ്റു  അഭയാര്‍ഥികള്‍ക്കുവേണ്ടിയും ആ പണം ചെലവഴിച്ചു. ബെയ്റൂട്ടില്‍ ഒരു ബേക്കറിയും കബാബ് ഷോപ്പും റസ്റ്ററന്റും തുടങ്ങി. ആ ബിസിനസ്സില്‍ മറ്റ് അഭയാര്‍ഥികളെ പങ്കാളികളാക്കുകയും ചെയ്തു. ബിസിനസ് പുരോഗമിച്ചപ്പോള്‍ ഒറ്റമുറി വീട്ടിലെ ജീവിതം കൂടുതല്‍ സൗകര്യമുള്ള ഒരു വീട്ടിലേക്ക് മാറ്റി. അന്നു വിശന്നു തളര്‍ന്ന് അച്ഛന്റെ തോളിലുറങ്ങിക്കിടന്ന മകള്‍ക്കിന്ന് വയറു നിറയെ കഴിക്കാന്‍ ഭക്ഷണവും കളിക്കാന്‍ കളിപ്പാട്ടങ്ങളുമുണ്ട്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അവളുടെ മുതിര്‍ന്ന സഹോദരന്‍ സ്‌കൂളിലേക്ക് പോയിത്തുടങ്ങി എന്നുള്ളതാണ് മറ്റൊരു സന്തോഷവാര്‍ത്ത.തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് അബ്ദുല്‍ ഹലീം നന്ദി പറയുന്നത് ആ ചിത്രം പകര്‍ത്തിയ ആളോടാണ്.