2035 ഓടെ കുവൈത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള ന്യൂ കുവൈത്ത് 2035 എന്ന സമഗ്ര പദ്ധതിക്ക് തുടക്കമായി

single-img
1 February 2017

കുവൈത്ത് സിറ്റി: കുവൈത്തിനെ സാംസ്‌കാരിക രംഗത്തും വ്യാപാര രംഗത്തും മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലൂടെ ന്യൂ കുവൈത്ത് 2035 എന്ന പേരിലുള്ള സമഗ്ര വികസന പദ്ധതിക്ക് രാജ്യത്തു ഔദ്യോഗിക തുടക്കമായി. 2035 ആകുമ്പോഴേക്കും കുവൈത്തിന്റെ മുഖഛായ മാറ്റുന്ന രീതിയിലുള്ള നിരവധി വികസന പദ്ധതികളാണ് ന്യൂ കുവൈത്ത് 2035 നെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഷെയ്ഖ് ജാബിര്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കാബിനറ്റ് അംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ ആണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ വികസന സങ്കല്‍പ്പങ്ങളുടെ യാഥാര്‍ഥ്യവല്‍ക്കരണമാണ് ന്യൂ കുവൈത്ത് 2035 പദ്ധതിയെന്നു പ്രധാനമന്ത്രി പറഞ്ഞു.

എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക, സാമ്പത്തിക രംഗം സുസ്ഥിരപ്പെടുത്തുക, യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരണങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യ രംഗത്തും വ്യാവസായിക മേഖലയിലും വളര്‍ച്ച കൈവരിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളില്‍ ചിലതാണ്. കുവൈത്തിനെ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയും സാംസ്‌കാരിക കേന്ദ്രവും ആക്കി മാറ്റുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ വ്യത്യസ്തങ്ങളായ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കും.

നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള സില്‍ക്ക് സിറ്റി സുബിയ കോസ്‌വേ, ബൂബിയാന്‍ കണ്ടൈനര്‍ ഹാര്‍ബര്‍ തുടങ്ങി പദ്ധതികള്‍ക്ക് പുറമെ കൂടുതല്‍ വന്‍കിട പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. രാജ്യത്തെ വിദേശി സാന്നിധ്യത്തില്‍ പത്തു ശതമാനം കുറവ് വരുത്തലും പുതിയ വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

2030 ആകുമ്പോഴേക്കും ജനസംഖ്യ 60 : 40 എന്ന അനുപാതത്തിലേക്കു കൊണ്ട് വരുമെന്ന് ചടങ്ങില്‍ പങ്കെടുത്ത തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. നിലവില്‍ മൊത്തം ജനസംഖ്യയുടെ 60 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളും ആണ്.