ബിജെപി സമരത്തിനിടെ സംഘര്‍ഷം; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി, മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പരിക്ക്

single-img
1 February 2017

Representative Image

തിരുവനന്തപുരം: കേരള ലോ അക്കാദമിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിനു നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അമ്പലമുക്കില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുമായി വന്ന പ്രകടനം ലോ അക്കാദമിക്ക് സമീപം എത്തിയതോടെ അക്രമാസക്തമാകുകയായിരുന്നു. പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ പൊലീസിനു നേരെ കല്ലെറിഞ്ഞു. വട്ടിയൂര്‍ക്കാവ്, ഇന്ദിരാനഗര്‍, റോഡുകളില്‍ നിന്നും, സമരപ്പന്തലിനു സമീപത്തു നിന്നും പോലീസിനു നേരെ ആക്രമണമുണ്ടായി.

ഇതേ തുടര്‍ന്ന് ലാത്തി വീശിയ പൊലീസ് സമരക്കാര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. കല്ലും വടിയുമുപയോഗിച്ച് പ്രവര്‍ത്തകര്‍ പൊലീസിനെയും ആക്രമിച്ചു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും, പൊലീസുകാര്‍ക്കും, പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.