ഇ. അഹമ്മദിന്റെ മരണ വിവരം മറച്ചുവെച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപണം

single-img
1 February 2017

ദില്ലി: ഇന്നലെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് മലപ്പുറം സിറ്റിങ് എംപി ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും, കുഴഞ്ഞുവീഴുകയും ചെയ്തത്. പുലര്‍ച്ചെ 2.15 ഓടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ ഇ അഹമ്മദിന്റെ മരണ വിവരം മറച്ചുവെച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ആരോപണം ഉയര്‍ന്നു.

ബജറ്റ് അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് മരണവിവരം പുറകത്തു വിടാന്‍ വൈകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്ന റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ അതിനുള്ള തെളിവാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരണ വിവരം മറച്ചു വെച്ച നടപടി മനുഷ്യത്വ രഹിതമാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മല്ലിഖാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ബജറ്റ് അവതരണം ഒരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഖാര്‍ഗെ ഈ ആവശ്യം ഉന്നയിച്ചത്.

ഇ അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ അദ്ദേഹം മരിച്ചിരുന്നു. പിന്നെ എന്തിനായിരുന്നു ഒളിച്ചു കളിയെന്നും അദ്ദേഹം ചോദിച്ചു. ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെയ്ക്കണമെന്ന് കാസര്‍ഗോഡ് നിന്നുള്ള സിറ്റിങ് എംപി പി കരുണാകരനും ആവശ്യപ്പെട്ടു.

ദില്ലിയില്‍ ഇ അഹമ്മദിന്റെ മൃതദേഹം തീന്‍ മൂര്‍ത്തി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് എംബാമിങ് കഴിഞ്ഞതിനു ശേഷം തീന്‍ മൂര്‍ത്തി മാര്‍ഗിലുള്ള വസതിയില്‍ എത്തിച്ച മൃതദേഹം കുളിപ്പിച്ച് കഫന്‍ ചെയ്തു. കര്‍മങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മക്കള്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് 12 മണി വരെയാണ് ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഉച്ചയ്ക്ക് ഒരുമണിയോടെ അഹമ്മദിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ദില്ലിയില്‍ നിന്നും പുറപ്പെടും. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം കോഴിക്കോട് ഹജ്ജ് ഹൗസിലും തുടര്‍ന്ന് ലീഗ് ഹൗസിലും പൊതുദര്‍ശനത്തിനു വെക്കും. സ്വദേശമായ കണ്ണൂരില്‍ നാളെ രാവിലെയാണ് ഖബറടക്കം.