ഇത്തവണയും എയിംസില്ല;നിരാശയോടെ കേരളം, ജാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ചു

single-img
1 February 2017

 

 

തിരുവനന്തപുരം: കേരളത്തിന് ഇത്തവണയും എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) ഇല്ല. ജാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന്റെ പേര് ബജറ്റില്‍ പരാമര്‍ശിച്ചില്ല. എയിംസിനായി കോഴിക്കോട് സ്ഥലം കണ്ടെത്തിയെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തതോടെ സാധ്യതകള്‍ മങ്ങുകയാണ്. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇതേത്തുടര്‍ന്നു 2014 ജൂലൈ 16ന് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. നാല് സ്ഥലങ്ങളാണ് സംസ്ഥാനം നിര്‍ദേശിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധര്‍ അടങ്ങുന്നസംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നതെങ്കിലും നടപടികളുണ്ടായില്ല. ഡല്‍ഹിയിലെത്തി വീണ്ടും ചര്‍ച്ച നടത്തിയ കേരളത്തിന്റെ പ്രതിനിധികളോട് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പകരം പുതിയത് സമര്‍പ്പിക്കാനായിരുന്നു ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് സമഗ്രമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര,ആന്ധ്ര,ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ കിനാലൂര്‍,കാന്തലോട് വില്ലേജുകളിലായി ബാധ്യതകള്‍ ഒന്നുംഇല്ലാത്ത 154.43 ഏക്കര്‍,കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര,അതിരമ്പുഴ ബ്ലോക്കുകളിലായി 194.85 ഏക്കര്‍,തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് സമീപത്തായുള്ള 263.45 ഏക്കര്‍,എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 123.5 ഏക്കര്‍ സ്ഥലം,ഈ സ്ഥലങ്ങളായിരുന്നു എയിംസിനായി കേരളം ആലോചിച്ചിരുന്നത്.